കൊല്ലം ചവറയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതി ശ്രീയാണ് മരിച്ചത്. 22 വയസ്സായിരുന്നു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. യുവതിയെ കിടപ്പുമുറിയിലെ ഫാനില്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്. യുവതിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി.സി. രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പാണ് സ്വാതിയുടേയും ശ്യാംരാജിന്റേയും വിവാഹം കഴിഞ്ഞത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. സംഭവ സമയത്ത് ശ്യാംരാജ് അച്ഛനോടൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു എന്നാണ് പറയുന്നത്.
സ്വാതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ചവറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സംസ്കരിക്കും.
Discussion about this post