വാഷിംഗ്ടൺ: പാക് ഭീകര വനിതയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ടെക്സസില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കിയ സംഭവത്തിൽ അക്രമി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ബന്ദികളെ സുരക്ഷിതരായി മോചിപ്പിച്ചുവെന്ന് ടെക്സാസ് ഗവർണർ സ്ഥിരീകരിച്ചു. 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്നായിരുന്നു അക്രമിയുടെ ആവശ്യം.
ആഫിയ സിദ്ദിഖിയുടെ ബന്ധുവാണ് താൻ എന്നും അക്രമി അവകാശപ്പെട്ടിരുന്നു. ഇയാളുടെ കൈയ്യിൽ ആയുധങ്ങൾ ഉണ്ടെന്നും ഇയാൾ അപകടകാരിയാണെന്നും പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മുഹമ്മദ് സിദ്ദിഖി എന്നാണ് അക്രമി പേര് പറഞ്ഞത് എന്നാണ് വിവരം. ഒരു ബന്ദിയെ അക്രമി ആദ്യം വിട്ടയച്ചിരിന്നു. തുടർന്ന് നടന്ന അനുരഞ്ജന ശ്രമം ഫലം കാണാതെ വന്നതോടെ ജൂതപ്പള്ളിക്കുള്ളിൽ കടന്ന എഫ് ബി ഐ ഉദ്യോഗസ്ഥർ ബന്ദികളെ മോചിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് അക്രമി കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.












