കാബൂൾ: ജനാധിപത്യ സർക്കാരിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന വനിതാക്ഷേമ മന്ത്രാലയം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രകടനം. പെൺകുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഉണ്ടാക്കണമെന്നും സ്ത്രീകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥ ആശങ്കാജനകമാണെന്ന് വനിതാ നേതാക്കൾ ചൂണ്ടിക്കാട്ടി. തങ്ങളുടെ ആവശ്യങ്ങൾ ഇസ്ലാമിക് എമിറേറ്റിനെ അറിയിച്ചതായും അവർ പറഞ്ഞു. സ്ത്രീകൾക്ക് ജോലി ചെയ്ത് ജീവിക്കാൻ അവസരം നൽകുക, വനിതകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുക, ദരിദ്ര കുടുംബങ്ങൾക്ക് സഹായം നൽകുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ താലിബാൻ സർക്കാരിനെ അറിയിച്ചത്.
സ്ത്രീകളെയും പെൺകുട്ടികളെയും പൊതുധാരയിൽ നിന്നും മായ്ച്ചു കളയാനാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ശ്രമിക്കുന്നതെന്ന് അടുത്തയിടെ ഐക്യരാഷ്ട്ര മനുഷ്യാവകാശ സഭയുടെ മേധാവി അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു അഫ്ഗാനിസ്ഥാനിൽ വനിതകളുടെ പ്രകടനം.
Discussion about this post