ഡല്‍ഹി: തലസ്ഥാന നഗരിയില്‍ ഭീതിയുയര്‍ത്തി രണ്ട് അജ്ഞാത ബാഗുകള്‍ കണ്ടെത്തി. കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് രണ്ട് അജ്ഞാത ബാഗുകള്‍ കണ്ടെത്തിയ വിവരം പൊലീസിന് ലഭിക്കുന്നത്. എന്നാല്‍, ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും പരിശോധനയില്‍ ഒരു ലാപ്ടോപ്പ്, ചാര്‍ജര്‍, വാട്ടര്‍ ബോട്ടില്‍, ടിഫിന്‍, ലഘുഭക്ഷണം എന്നിവ മാത്രമേ കണ്ടെത്തിയുള്ളൂയെന്നും പൊലീസ് അറിയിച്ചു.
അജ്ഞാത ബാഗുകളെ സംബന്ധിച്ച കോള്‍ ലഭിച്ചയുടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെന്ന് ഡല്‍ഹി ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രിയങ്ക കശ്യപ് പറഞ്ഞു. ‘അബദ്ധത്തില്‍ ഒരാള്‍ മറന്നുവെച്ച ബാഗുകളാണിത്. അയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല’ -അവര്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷം അടുത്തിരിക്കെ ഡല്‍ഹിയില്‍ അജ്ഞാത ബാഗുകള്‍ കണ്ടെത്തുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. ജനുവരി 14ന് കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപൂരിലെ ഫ്ലവര്‍ മാര്‍ക്കറ്റില്‍ ഉപേക്ഷിച്ച ബാഗിനുള്ളില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഡല്‍ഹി പൊലീസിന്റെയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെയും സമയോചിത ഇടപെടലിലൂടെ മാര്‍ക്കറ്റിന് സമീപത്തായി നിയന്ത്രിതസ്ഫോടനം നടത്തിയാണ് അന്ന് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയത്. 1.5 കിലോ നൈട്രേറ്റ് മിശ്രിതമാണ് ബാഗിലെ സ്ഫോടകവസ്തുവില്‍ ഉണ്ടായിരുന്നത്.
സാധാരണയായി ജനത്തിരക്കുള്ള ഗാസിപൂര്‍ മാര്‍ക്കറ്റില്‍ പരമാവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനുദ്ദേശിച്ചാണ് ബോംബ് സ്ഥാപിച്ചതെന്നാണ് ഡല്‍ഹി പൊലീസിന്റെ നിഗമനം. അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ഈ സ്ഫോടന ശ്രമത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
Discussion about this post