ലഖ്നൗ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയെ പരസ്യമായി വെല്ലുവിളിച്ച് കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ മുൻ എം എൽ എ അദിതി സിംഗ്. കോൺഗ്രസിന്റെ അഭിമാന മണ്ഡലമായ റായ്ബറേലിയിലെ ബിജെപി സ്ഥാനാർത്ഥിയാണ് അദിതി. സോണിയ ഗാന്ധി എം പിയായിരിക്കുന്ന റായ്ബറേലി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് റായ്ബറേലി നിയമസഭാ മണ്ഡലം.
റായ്ബറേലി ഒരിക്കലും കോൺഗ്രസിന്റെ രാവണൻ കോട്ടയല്ല. അവിടുത്തെ ജനങ്ങൾക്ക് വേണ്ടി കോൺഗ്രസ് തനതായി ഒന്നും ചെയ്തിട്ടില്ല. അദിതി സിംഗ് പറഞ്ഞു. എം എൽ എ ആയിരിക്കെ തന്റെ പിതാവ് ചെയ്ത വികസന പ്രവർത്തനങ്ങൾ പലതും പാർട്ടി ഭേദമില്ലാതെ ജനകീയ പിന്തുണയോടെ ആയിരുന്നുവെന്നും അതിനാൽ തന്നെ അദ്ദേഹം എന്നും ജനങ്ങളുടെ മനസ്സിൽ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തവണ ചരിത്രത്തിൽ ആദ്യമായി റായ്ബറേലിയിൽ താമര വിരിയും. തന്റെ പിതാവിന്റെ ജനകീയ പാരമ്പര്യം പിന്തുടരുന്നതിനാൽ റായ്ബറേലിയുടെ ചങ്കിടിപ്പ് തനിക്ക് കേൾക്കാം. സ്ത്രീ ശാക്തീകരണം എന്ന പ്രിയങ്കയുടെ വാദം പൊള്ളയാണ്. സോണിയ ഗാന്ധി എം പി ആയിരിക്കുന്ന ലോക്സഭാ മണ്ഡലത്തിൽ സ്ത്രീകൾക്ക് വേണ്ടി പ്രത്യേകിച്ച് എന്ത് പദ്ധതിയാണ് അവർ കൊണ്ടു വന്നിരിക്കുന്നതെന്നും അദിതി ചോദിക്കുന്നു.
രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠി വാട്ടർലൂ ആയിരുന്നു. അത് പോലെ കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പിലെ വാട്ടർലൂ ആയിരിക്കും റായ്ബറേലി. ജനങ്ങളെ മറന്ന ഭരണാധികാരികളെ ജനം ചവറ്റുകൊട്ടയിൽ എറിഞ്ഞ പാരമ്പര്യമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റേതെന്നും അദിതി സിംഗ് ഓർമ്മിപ്പിച്ചു.
കോൺഗ്രസ് വിട്ട തനിക്ക് സമാജ് വാദി പാർട്ടിയിലോ ബി എസ് പിയിലോ ചേരാമായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതുല്യമായ നേതൃത്വമാണ് തന്നെ ബിജെപിയിൽ എത്തിച്ചത്. കൂടാതെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസന പദ്ധതികളും മികച്ചവയാണ്. കോൺഗ്രസിനെ പോലെയല്ല, അച്ചടക്കത്തിന് വലിയ പ്രാധാന്യമുള്ള പാർട്ടിയാണ് ബിജെപിയെന്നും അദിതി സിംഗ് കൂട്ടിച്ചേർത്തു.








