കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിൽ അനാച്ഛാദനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പരാക്രം ദിവസിൽ പ്രധാനമന്ത്രി രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ അറിയിച്ചു.
ഈ അവസരത്തിൽ, ഇന്ത്യൻ സൈന്യത്തിൽ പ്രത്യേക ബംഗാൾ റെജിമെന്റ് രൂപീകരിക്കണമെന്ന ആവശ്യവുമായി ബംഗ്ലാ പോഖോ എന്ന സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു. ദേശീയവാദികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിൽ പ്രത്യേക ബംഗാൾ റെജിമെന്റ് രൂപീകരിച്ചാൽ അത് നേതാജിക്കുള്ള ഉചിതമായ അഭിവാദ്യമാകുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
ബ്രിട്ടീഷുകാർക്കെതിരായ സ്വാതന്ത്ര്യ പോരാട്ടത്തിൽ ബംഗാളികൾ മുൻപന്തിയിൽ ഉണ്ടായിരുന്നു. സുഭാഷ് ചന്ദ്ര ബോസ്, ഖുദിറാം ബോസ്, ബാഗാ ജതിൻ തുടങ്ങി നിരവധി പേരെ ബംഗാൾ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് സംഭാവന ചെയ്തു. ഈ സാഹചര്യത്തിൽ സൈന്യത്തിൽ ബംഗാളി റെജിമെന്റ് രൂപീകരിക്കുന്നത് സ്വാതന്ത്ര്യത്തിനായി പോരാടിയ അസംഖ്യം ബംഗാളി യോദ്ധാക്കൾക്കുള്ള ആദരമായിരിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.












