മുംബൈ: സംശയിക്കപ്പെടുന്നു എന്ന കാരണത്താൽ മാത്രം ഒരാളെ കുറ്റവാളി എന്ന് വിധിച്ച് ശിക്ഷിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. കൃത്യത്തിലേക്ക് നയിച്ച സംഭവ പരമ്പരകൾ കണ്ണി തെറ്റാതെ വിശദീകരിക്കാനും അവ വ്യക്തമായി തെളിയിക്കാനും പ്രോസിക്യൂഷന് സാധിക്കണം. അല്ലാത്ത പക്ഷം ഇതേ സംശയത്തിന്റെ ആനുകൂല്യം പ്രതിക്കാണ് നൽകേണ്ടത് എന്ന് വ്യക്തമാക്കിയ കോടതി, കൊലക്കേസിൽ സെഷൻസ് കോടതി ശിക്ഷിച്ച പ്രതിയെ കുറ്റവിമുക്തനാക്കി.
അവധൂത് ഖാതെ എന്ന തൊഴിലാളിക്ക് അഹമ്മദ് നഗർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷയാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് റദ്ദാക്കിയത്. 2012ൽ സഹപ്രവർത്തകനെ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കേസിൽ 16 സാക്ഷികളെ വിസ്തരിച്ച ശേഷമായിരുന്നു സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
സാഹചര്യ തെളിവുകൾ മാത്രം കണക്കിലെടുത്താണ് പ്രോസിക്യൂഷൻ മുന്നോട്ട് പോയതെന്നും മറ്റ് തെളിവുകളൊന്നും അവരുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നും പ്രതി ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വാദിച്ചു. കൂടാതെ, കൊലപാതകത്തിന്റെ ഉദ്ദേശ്യം ബോധിപ്പിക്കാനും പ്രോസിക്യൂഷന് സാധിച്ചില്ല. ഈ വാദമാണ് ഹൈക്കോടതി അംഗീകരിച്ചതും പ്രതിയെ കുറ്റവിമുക്തനാക്കിയതും.
Discussion about this post