കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മമതാ സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. സംസ്ഥാനത്ത് വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് ബംഗാള്‍ മുഖ്യമന്ത്രി വൈകിപ്പിക്കുകയാണെന്ന് സിന്ധ്യ പറഞ്ഞു. കൊല്‍ക്കത്തയില്‍ മറ്റൊരു വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി നാളിതുവരെയായിട്ടും സ്ഥലം അനുവദിക്കാന്‍ മമതാ സര്‍ക്കാരിനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഒറ്റക്കെട്ടായുള്ള പരിശ്രമത്തിലൂടെ മാത്രമേ ഒരു നാട്ടില്‍ വികസം കൊണ്ടുവരാന്‍ സാധിക്കൂ. എന്നാല്‍ ഇവിടെ കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണ നല്‍കിയിട്ടും അതിനോടെല്ലാം മുഖം തിരിക്കുകയാണ് മമതാ സര്‍ക്കാര്‍. പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ പരമാവധി ശേഷിയില്‍ എത്തിയിരിക്കുന്നു. അന്നുമുതല്‍ ആറുമാസക്കാലമായി സംസ്ഥാനത്ത് രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല’ എന്ന് സിന്ധ്യ പറഞ്ഞു.
ബംഗാളിന്റെ വികസനത്തിനായി വ്യോമയാന വകുപ്പിന് ധാരാളം പദ്ധതികളാണുള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കുകയോ, ചര്‍ച്ചയ്ക്ക് തയ്യാറാകുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു നാടിന്റെ വികസനത്തിനെതിരെ കണ്ണടയ്ക്കുന്ന നിലപാടാണ് മമതാ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും സിന്ധ്യ പറഞ്ഞു.
നിലവിലെ വിമാനത്താവളത്തിന്റെ വികസനത്തിനായി 700 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. 300 കോടി രൂപ ചെലവില്‍ പുതിയ ടെക്നിക്കല്‍ ബ്ലോക്ക് കം കണ്ട്രോള് ടവര്‍ പ്രവര്‍ത്തനക്ഷമമാക്കും, 265 കോടി രൂപയ്ക്ക് പുതിയ ടാക്സിവേ നിര്‍മ്മിക്കും. മെട്രോയെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കെട്ടിടവുമായി ബന്ധിപ്പിക്കുന്നതിന് 110 കോടിയാണ് നിക്ഷേപിക്കുന്നതെന്നും സിന്ധ്യ അറിയിച്ചു.
Discussion about this post