കോഴിക്കോട് വിവാഹ ദിവസം വധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘ(30)യാണ് മരിച്ചത്. കുളിക്കാനായി മുറിയില്‍ കയറിയ യുവതിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വരനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ആത്മഹത്യാം കുറിപ്പിൽ പറഞ്ഞിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. രാവിലെ വധുവിനെ ഒരുക്കാനായി ബ്യൂട്ടീഷന് എത്തിയതിന് പിന്നാലെ കുളിച്ചു വരാമെന്ന് പറഞ്ഞ് മുറിയില്‍ കയറിയതാണ് മേഘ. എന്നാല്‍ ഏറെ നേരം കഴിഞ്ഞും കാണാതായതോടെ ബന്ധുക്കള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് മേഘയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. സ്വകാര്യ ആശുപത്രിയില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയാണ് മേഘ. അതേ ആശുപത്രിയിലെ തന്നെ സറ്റാഫ് നഴ്സുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അമ്മ: സുനില. സഹോദരന്: ആകാശ്.
Discussion about this post