ഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ചിന്താ മണ്ഡലം ഇന്ന് അർബൻ നക്സലുകൾ കൈയ്യടക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഉണ്ടായിരുന്നില്ലെങ്കിൽ രാജ്യത്ത് അടിയന്തരാവസ്ഥയും ജാതി രാഷ്ട്രീയവും സിഖ് വംശഹത്യയും കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയും ഉണ്ടാകുമായിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിജിയുടെ ആഗ്രഹപ്രകാരം കോൺഗ്രസ് പിരിച്ച് വിട്ടിരുന്നു എങ്കിൽ ജനാധിപത്യം കുടുംബ വാഴ്ചയിൽ നിന്നും മുക്തമാകുമായിരുന്നു. രാജ്യം വൈദേശിക കാഴ്ചപ്പാടിന്റെ അടിമത്തത്തിൽ തുടരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനാധിപത്യവും സംവാദങ്ങളും നൂറ്റാണ്ടുകളായി രാജ്യത്ത് തുടരുകയാണ്. കുടുംബ വാഴ്ചയ്ക്കപ്പുറം മറ്റൊന്നിനെ കുറിച്ചും കോൺഗ്രസിന് ചിന്തിക്കാൻ കഴിയില്ല. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കുടുംബ പാർട്ടികളാണ്. കുടുംബം പാർട്ടിയിൽ ആധിപത്യം സ്ഥാപിക്കുമ്പോൾ കഴിവില്ലാത്തവന്റെ കൈയ്യിൽ അധികാരം എത്തിച്ചേരുമെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
ഇന്ത്യക്ക് അടിത്തറ പാകിയത് കോൺഗ്രസ് ആണെന്ന് ചിലർ പറയുന്നു. അവർ കരുതുന്നത് ഇന്ത്യ ജനിച്ചത് 1947ൽ ആണെന്നാണ്. ഈ ജനാധിപത്യം കോൺഗ്രസിന്റെ സംഭാവനയല്ല. കോൺഗ്രസ് 1975ൽ ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുകയാണ് ചെയ്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ വ്യക്തമാക്കി.








