പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനെത്തിയ കരസേന ലക്ഷ്യസ്ഥാനത്തിനടുത്തെത്തി. ഇന്ന്, പുലര്‍ച്ചെ 2.55 ഓടെയാണ് സൈന്യം യുവാവ് കുടുങ്ങിയ പാറക്കെട്ടില്‍ നിന്നും മുന്നൂറുമീറ്റര്‍ അകലെയെത്തിയത്. യുവാവുമായി സംസാരിച്ചു കഴിഞ്ഞു. ഇവിടെ വെളിച്ച കുറവാണിപ്പോള്‍ തടസം. പകല്‍ വെളിച്ചമാകുന്നതോടെ രക്ഷാപ്രവര്‍ത്തനം പൂര്ത്തിയാകൂമെന്നാണ് പ്രതീക്ഷ.
ഇനി മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിനെ രക്ഷിക്കാന്‍ കഴിയുമെന്ന് സൈന്യം അറിയിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള കോസ്റ്റ് ഗാര്‍ഡിന്റെ രക്ഷാദൗത്യം പരാജയപ്പെട്ടതിനെതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കരസേനയുടെ സഹായം തേടിയത്. തുടര്‍ന്ന് കരസേനയുടെ ദക്ഷിണ് ഭാരത് ഏരിയയുടെ പ്രത്യേക സംഘം ബംഗളൂരുവില്‍ നിന്ന് പാലക്കാട് എത്തി. പര്‍വതാരോഹണത്തില്‍ പ്രാവീണ്യം നേടിയ സംഘമാണെത്തിയിരിക്കുന്നത്. ഇന്ന് രാത്രി തന്നെ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരസേന തുടക്കമിടും.
പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റര്ദൗത്യം വിജയിക്കാതായതോടെയാണിത്. മലമ്പുഴ ചെറാട് സ്വദേശി റഷീദയുടെ മകന് ആര്. ബാബുവാണ് (24) തിങ്കളാഴ്ച ഉച്ചയോടെ കൂമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയത്. ബാബുവും രണ്ട് സുഹൃത്തുക്കളും കൂടിയാണ് തിങ്കളാഴ്ച രാവിലെ പത്തരയോടെ മല കയറിയത്. ഇതിനിടെ, ബാബു കാല് വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാനാവാതെ സുഹൃത്തുക്കള്‍ മലയിറങ്ങി പൊലീസിനെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. വീഴ്ചയില്‍ ബാബുവിന്റെ കാലിന് സാരമായ പരിക്കുണ്ട്.
കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെയും കാലിലേറ്റ പരിക്കിന്റെയും ചിത്രങ്ങള്‍ ബാബു അയച്ചുകൊടുത്തിരുന്നു. രാത്രി മൊബൈല്‍ ഫോണില്‍നിന്നുള്ള ലൈറ്റ് പ്രകാശിച്ചിരുന്നു. ചൊവ്വാഴ്ച ഫോണ്‍ ഓഫായി. തിങ്കളാഴ്ച വൈകീട്ട് വനപാലകരും ഫയര്‍ ഫോഴ്സുമടക്കം ഒരു സംഘവും സന്നദ്ധ പ്രവര്‍ത്തകരടക്കം മറ്റൊരു സംഘവും മല കയറിയെങ്കിലും ബാബു കുടുങ്ങിയ ഭാഗത്ത് എത്താനായില്ല. ചൊവ്വാഴ്ച പുലര്‍ച്ച 11 പേരടങ്ങുന്ന മറ്റൊരു സംഘം, ഉച്ചയോടെ ദേശീയ ദ്രുത പ്രതികരണ സേന എന്നിവയും പുറപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. വൈകീട്ട് മൂന്നോടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ എത്തിയെങ്കിലും കാറ്റുള്ളതിനാല്‍ രക്ഷാദൗത്യം വിഫലമായി. മല തള്ളിനില്‍ക്കുന്നതിനാല്‍ കോപ്റ്റര്‍ അടുപ്പിക്കുന്നത് സുരക്ഷിതമായിരുന്നില്ല.
Discussion about this post