പത്തനംതിട്ട: അനധികൃത മണൽക്കടത്ത് കേസിൽ മലങ്കര കത്തോലിക്ക ബിഷപ്പ് സാമുവൽ മാർ ഐറേണിയസിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ജാമ്യം അനുവദിച്ചാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. തിരുനെൽവേലി സെഷൻസ് കോടതിയിലാണ് ബിഷപ്പും കൂട്ടാളികളും ജാമ്യാപേക്ഷ സമർപ്പിച്ചത്.
സാമുവൽ മാർ ഐറേണിയസും, ജോസ് ചാമക്കാലയും അർബുദ രോഗികളാണെന്നും, അതിനാൽ ഇവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ സർക്കാർ സംവിധാനത്തിൽ ഇരുവർക്കും മികച്ച ചികിത്സ ലഭ്യമാകുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി മറ്റൊരിടത്ത് ചികിത്സ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്നതിനുള്ള തെളിവുകൾ പ്രതികൾക്ക് ഹാജരാക്കാനുമായിരുന്നില്ല.
താമരഭരണി നദിയിൽ നിന്നും അനധികൃതമായി മണൽ കടത്തിയെന്നതാണ് ബിഷപ്പിനും കൂട്ടാളികൾക്കുമെതിരായ കേസ്. വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. അറസ്റ്റിലായതിന് പിന്നാലെ ജാമ്യം ആവശ്യപ്പെട്ട് പ്രതികൾ തിരുനെൽവേലി മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
Discussion about this post