ചണ്ഡീഗഢ്: പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ബിജെപിയുമായുള്ള സഖ്യ സാദ്ധ്യതകൾ പരിശോധിക്കുമെന്ന് ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയ. ഞങ്ങളുടെ പോരാട്ടം പഞ്ചാബിലെ ജനങ്ങൾക്ക് വേണ്ടിയാണ്. പഞ്ചാബിന് വികസനം അനിവാര്യമാണ്. ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാകാത്ത നിരവധി പാവപ്പെട്ട ജനങ്ങൾ ഇന്നും പഞ്ചാബിലുണ്ട്. അവർക്ക് അർഹമായ പരിഗണന കിട്ടണമെന്ന് മജീതിയ പറഞ്ഞു.
കിഴക്കൻ അമൃത്സർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി നവ്ജ്യോത് സിംഗ് സിദ്ധുവിന്റെ എതിരാളിയാണ് മജീതിയ. കോൺഗ്രസിന്റെ ധാർഷ്ട്യം പരാജയപ്പെടണമെന്ന് മജീതിയ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷവും നിരന്തരം തമ്മിൽ തല്ലുകയും പിളരുകയും ചെയ്തതല്ലാതെ പഞ്ചാബിന് വേണ്ടി അവർ ഒന്നും ചെയ്തില്ല. ഇത് ജനങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് നേരത്തെ ശിരോമണി അകാലിദൾ നേതാവ് ഗുർബചൻ സിംഗും അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസാണ് തങ്ങളുടെ ഒന്നാം നമ്പർ ശത്രുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവിൽ മായാവതിയുടെ ബി എസ് പിയുമായി സഖ്യത്തിലാണ് ശിരോമണി അകാലിദൾ മത്സരിക്കുന്നത്.








