പട്ന: രാഷ്ട്രപതിയാകാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇത് ബംബന്ധിച്ച ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണെന്നും തനിക്ക് രാഷ്ട്രപതിയാകാനുള്ള ആഗ്രഹമോ അഭിലാഷമോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ നിതീഷ് കുമാറിനെ എൻഡിഎ ക്യാമ്പിൽ നിന്നും അടർത്തി മാറ്റാമെന്ന പ്രതിപക്ഷ മോഹം പൊലിഞ്ഞു.
അഭ്യൂഹങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്നെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. ഇക്കാര്യം ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിതീഷ് കുമാറിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ സന്ദേശവുമായി പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം നിതീഷുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നിതീഷ് കുമാർ നിലപാട് വ്യക്തമാക്കിയതോടെ ഇത്തരം ചർച്ചകൾ എല്ലാം അസ്ഥാനത്തായി.








