കീവ്: ഉക്രെയ്ന് മേൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ യുദ്ധം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ആക്രമണം ശക്തമാക്കി റഷ്യ. ഉക്രെയ്നിന്റെ തെക്കൻ മേഖലയിലൂടെയും വടക്കൻ മേഖലയിലൂടെയും റഷ്യ സമാന്തരമായി ആക്രമണം നടത്തുകയാണ്. കരമാർഗ്ഗവും വ്യോമമാർഗ്ഗവുമാണ് റഷ്യയുടെ ആക്രമണം.
കിഴക്കൻ മേഖലകളിൽ നടക്കുന്ന ആക്രമണങ്ങളെ മിസൈലുകൾ വർഷിച്ച് ഉക്രെയ്ൻ ചെറുക്കുന്നുണ്ട്. ആക്രമണത്തിൽ ഇതുവരെ 7 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മരണങ്ങൾ ഉക്രെയ്ൻ സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ അഞ്ച് റഷ്യൻ വിമാനങ്ങളും രണ്ട് ഹെലികോപ്ടറുകളും വെടിവെച്ചിട്ടതായി ഉക്രെയ്ൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഉക്രെയ്ന്റെ അവകാശവാദം റഷ്യ തള്ളി. ഉക്രെയ്നിയൻ വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണമായും പരാജയം സമ്മതിച്ചതായി റഷ്യ വ്യക്തമാക്കി. ഉക്രെയ്നിൽ നിന്നും സ്വതന്ത്രമായ മേഖലയാണ് ലുഹാൻസ്ക് എന്ന നിലപാടും റഷ്യ ആവർത്തിച്ചു.
ജനവാസ മേഖലകളിൽ റഷ്യ ശക്തമായ ആക്രമണം നടത്തുന്നതായി റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ പ്രാദേശിക ഭരണകൂടങ്ങൾ നിർദേശം നൽകി.
Discussion about this post