ചെന്നൈ : ട്രെയിനില്‍ യാത്ര ചെയ്യാന്‍ പൊലീസുകാര്‍ ടിക്കറ്റ് എടുക്കണമെന്ന് നിർദ്ദേശവുമായി ദക്ഷിണ റെയില്‍വേ. ടിക്കറ്റെടുക്കാതെ വണ്ടിയില്‍ കയറുന്ന പൊലീസുകാര്‍ മറ്റു യാത്രക്കാര്‍ക്കുള്ള സീറ്റുകള്‍ കൈവശപ്പെടുത്തുന്നെന്ന പരാതികളെത്തുടര്‍ന്നാണ് നിര്‍ദേശം. യാത്ര ചെയ്യുന്ന പൊലീസുകാര്‍ ടിക്കറ്റോ മതിയായ യാത്രാരേഖകളോ കൈയില്‍ കരുതണമെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.
എക്സ്‌പ്രസ് വണ്ടികളിലും സബര്‍ബന്‍ തീവണ്ടികളിലും ഡ്യൂട്ടിയിലുള്ളവരും അല്ലാത്തവരുമായ പൊലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നതായി ധാരാളം പരാതി ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് തമിഴ്‌നാട് ഡിജിപിക്കും ചെന്നൈ പോലീസ് കമ്മിഷണര്‍ക്കും ചെന്നൈ ഡിവിഷന്‍ സീനിയര്‍ കമേഴ്‌സ്യല്‍ മാനേജര്‍ കത്തയച്ചിരുന്നു.
ടിക്കറ്റ് പരിശോധകര്‍ ആവശ്യപ്പെടുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡാണ് അവര്‍ കാണിക്കുന്നത്. ടിക്കറ്റെടുക്കാത്തവര്‍ സീറ്റു കൈവശപ്പെടുത്തുന്നത് മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കത്തില്‍ പറയുന്നു. തുടര്‍ന്നാണ് പൊലീസുകാര്‍ ടിക്കറ്റെടുക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കിയത്.
Discussion about this post