കൊച്ചി: കുന്നംകുളത്ത് വീട്ടുവരാന്തയിൽ ഉറങ്ങിക്കിടന്ന യുവാവിനെ രണ്ടു പേർ ചേർന്ന് കുത്തിക്കൊന്നു. കേച്ചേരി കറുപ്പംവീട്ടിൽ അബൂബക്കറിന്റെ മകൻ ഫിറോസാണ് (45) മരിച്ചത്. വയറ്റിൽ ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രണ്ടാം ഭാര്യ ഹസീനയോടൊപ്പം പന്നിത്തടം ബൈപാസിൽ മണ്ണാംകുഴി റോഡിൽ സ്വകാര്യവ്യക്തിയുടെ ക്വാർട്ടേഴ്‌സിൽ അഞ്ച് വർഷമായി താമസിക്കുകയായിരുന്നു ഫിറോസ്. ഇയാൾ കേച്ചേരി മാർക്കറ്റിലെ മത്സ്യം, ഇറച്ചി വിൽപ്പനക്കാരനാണ്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുഴൽപ്പണ ഇടപാട് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഫിറോസ്. ഇയാൾക്ക് ആദ്യഭാര്യയിൽ മൂന്ന് കുട്ടികളുണ്ട്. ലഹരിസംഘങ്ങൾ ഉൾപ്പെടെ വിവിധ സംഘങ്ങളും ഫിറോസുമായി ഈയിടെ വാക്കുതർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നു.
Discussion about this post