പനജി: തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ ഗോവയിൽ റിസോർട്ട് രാഷ്ട്രീയവുമായി കോൺഗ്രസ്. സംസ്ഥാനത്ത് തൂക്ക് സഭയ്ക്ക് സാധ്യതയെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ തുടർന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയിരിക്കുന്നത്. കോൺഗ്രസിന്റെ ഈ നീക്കത്തെ പരിഹസിച്ച് മറ്റ് രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നു.
തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ കോൺഗ്രസ് അവരുടെ സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പരിഹസിച്ചു. സ്വന്തം സ്ഥാനാർത്ഥികളെ പോലും വിശ്വാസമില്ലാത്ത പാർട്ടിയായി കോൺഗ്രസ് അധ:പതിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബിജെപി അധികാരം നിലനിർത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അഥവാ എക്സിറ്റ് പോൾ ഫലപ്രവചനങ്ങൾ ശരിവെച്ച് ഒന്നോ രണ്ടോ സീറ്റുകൾ കുറഞ്ഞാലും സ്വതന്ത്രരുടെ പിന്തുണ ലഭിക്കുമെന്നും പ്രമോദ് സാവന്ത് അവകാശപ്പെട്ടു. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന 2017ൽ കോൺഗ്രസായിരുന്നു ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ അന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി ഉൾപ്പെടെയുള്ള പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബിജെപി അധികാരത്തിലേറുകയായിരുന്നു.
Discussion about this post