ഡല്‍ഹി: നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയിന്‍ കേസില്‍ കൊച്ചി പൊലീസിന് തിരിച്ചടി. പ്രതികളുടെ രക്തത്തില്‍ കൊക്കെയിന്റെ അംശം തെളിയിക്കുന്നതിനുള്ള സംവിധാനം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈദരാബാദ് എന്നിവിടങ്ങളിലെ ലാബുകള്‍ സാമ്പിളുകള്‍ തിരിച്ചയച്ചതാണ് തിരിച്ചടിയായത്.
ഇതോടെ കേസില്‍ പ്രതികളുടെ മയക്കുമരുന്ന് ഉപയോഗം തെളിയിക്കാനാകാതെ ഈ കുറ്റം ഒഴിവാക്കാനാണ് പൊലീസിന്റെ തീരുമാനം. സാമ്പിള്‍ ശേഖരിക്കുന്നതില്‍ പെലീസിന് സംഭവിച്ച സാങ്കേതിക പിഴവുകളാണ് തിരിച്ചടിക്ക് കാരണമായത്.
രക്തസാമ്പിളുകള്‍ ശേഖരിച്ച് കാക്കാനാട് ഫോറന്‍സിക് സയന്‍സ് ലാബിലായിരുന്നു ആദ്യ പരിശോധന. എന്നാല്‍ രക്തത്തില്‍ കൊക്കെയിന്റെ അംശം കണ്ടെത്താനായില്ല എന്നായിരുന്നു പരിശോധന ഫലം. തിടുക്കത്തില്‍ ലാബ് അധികൃതര്‍ പരിശോധനാഫലം പുറത്ത് വിട്ടതിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന പൊലീസിന്റെ പ്രതികരണം അന്ന് വിവാദത്തിനും ഇടയാക്കിയിരുന്നു.
തുടര്‍ന്നാണ് എച്ച്.പി.സി.എല്‍ എന്ന ആധുനിക പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ ദല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചത്. കൊക്കെയിന്‍ കേസുകളില്‍ മുടിയുടെ സാമ്പിളുകള്‍ ശേഖരിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് വിദഗ്ദര്‍ പറയുന്നു ഈ പിഴവാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമായത്. കഴിഞ്ഞ ജനുവരി 30 ന് അര്‍ദ്ധ രാത്രിയിലാണ് യുവനടന് ഷൈന്‍ ടോം ചാക്കോയേയും 4 യുവതികളേയും കൊക്കെയിന്‍ സഹിതം ഇവര്‍ താമസിച്ച ഫഌറ്റ് റെയ്ഡ് ചെയ്ത് പൊലീസ് പിടികൂടിയത്.
Discussion about this post