ഡല്‍ഹി: അടുത്തിടെ റിലീസായ ‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സിനിമകള്‍ ‘സത്യം വെളിപ്പെടുത്തുന്നു’ എന്നും അതിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രചാരണം നടക്കുന്നുവെന്നും ചൊവ്വാഴ്ച ഡല്‍ഹിയില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇനിയും ഇത്തരം സിനിമകള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി, ബോധപൂര്‍വം മറച്ചുവെച്ച സത്യത്തെയാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പതാക എപ്പോഴും ഉയര്‍ത്തുന്ന ആളുകള്‍ അഞ്ചാറു ദിവസമായി പ്രക്ഷോഭത്തിലാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തില്‍ സിനിമയെ അവലോകനം ചെയ്യുന്നതിനു പകരം സിനിമയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് 11 ന് പുറത്തിറങ്ങിയ ‘ദി കശ്മീര്‍ ഫയല്‍സ്’, കശ്മീരി ഹിന്ദുക്കളുടെ താഴ്വരയില് നിന്നുള്ള പലായനത്തെ ചിത്രീകരിക്കുന്നു. വിവേക് രഞ്ജന്‍ അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്ശന് കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
Discussion about this post