കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പത്ത് പേരെ ചുട്ടു കൊല്ലുകയും ആകെ 12 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ബീർഭൂം കൂട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് വിട്ടു. ഇതുമായി ബന്ധപ്പെട്ട് കൽക്കട്ട ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കേസ് അന്വേഷണത്തിന് പശ്ചിമ ബംഗാൾ പൊലീസ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോട് ഫയലുകൾ എത്രയും വേഗം സിബിഐക്ക് കൈമാറാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
നേരത്തേ ബീർഭൂം കൂട്ടക്കൊലയിൽ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹർജി നൽകിയത്. സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ സിബിഐ അന്വേഷണമോ വേണം എന്നതായിരുന്നു ഹർജിയിലെ ആവശ്യം.
കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭ്യമാക്കാൻ പ്രത്യേക അന്വേഷണം ആവശ്യമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാർച്ച് 21ന് നടന്ന കലാപത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. പ്രതികൾ എല്ലാവരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്.
Discussion about this post