ഗുവാഹത്തി: ‘കശ്മീര്‍ ഫയല്‍സ്’ സിനിമ വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മ. കെജ്രിവാളിന് ഹിന്ദു സമൂഹത്തെ അപമാനിക്കാന്‍ ഒരു അവകാശവും ഇല്ലെന്നും ബിശ്വശര്‍മ പറഞ്ഞു. നേരത്തേ പല സിനിമകള്‍ക്ക് ടാക്സ് ഇളവ് നല്കിയ കെജരിവാള്‍ ആ സിനിമകളെയെല്ലാം പ്രോത്സാഹിപ്പിക്കുയായിരുന്നുവെന്നും ബിശ്വശര്‍മ കുറ്റപ്പെടുത്തി.
അരവിന്ദ് കെജരിവാള്‍ ഡല്‍ഹി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ ബി.ജെ.പി നേതാക്കള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഹിമന്ത ബിശ്വശര്‍മയുടെ പ്രതികരണം.
‘കശ്മീര്‍ ഫയല്‍സിനെ ടാക്സില്‍ നിന്ന് ഒഴിവാക്കാനോ ഒഴിവാക്കാതിരിക്കാനോ നിങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഞങ്ങളെ അപമാനിക്കാനോ അധിക്ഷേപിക്കാനോ നിങ്ങള്‍ക്ക് അവകാശമില്ല. നിങ്ങള്‍ക്ക് സൗകര്യമുള്ളത് ചെയ്യാം. എന്നാല്‍ ഇത്രയും പരസ്യമായി ഹിന്ദുക്കള്‍ക്ക് എതിരായി സംസാരിക്കുന്നത് ശരിയല്ല.’ – ബിശ്വശര്‍മ പറഞ്ഞു.
‘അരവിന്ദ് കെജരിവാള്‍ പല സിനിമകള്‍ക്കും ടാക്സ് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ആ സിനിമകള്‍ ഒന്നും എന്തുകൊണ്ട് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തില്ല? എന്തുകൊണ്ടാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ മാത്രം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യണമെന്ന് കെജരിവാള്‍ ആവശ്യപ്പെടുന്നത്?’ – ബിശ്വശര്‍മ ചോദിച്ചു.
നേരത്തെ കശ്മീര്‍ ഫയല്‍സിന് ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ നികുതിയിളവ് നല്‍കിയിരുന്നു. ബോളിവുഡ് സംവിധായകന് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം. മാര്‍ച്ച് 11നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.
Discussion about this post