തിരുവനന്തപുരം: പുതിയ മദ്യ നയത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരും. ഇതിനുള്ള ഐ ടി സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും.
ഐ ടി പാർക്കുകളിലെ പബുകളിലേക്കും ബാറുകളിലേക്കും പുറത്തു നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. സംസ്ഥാനത്തെ ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ തിരുവനന്തപുരം ടെക്നോപാർക്കിന്‍റെ ഗസ്റ്റ് ഹൗസിൽ ഒരു ബിയർ പാർലർ പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ പഴത്തിൽ നിന്ന് വൈൻ ഉൽപാദിപ്പിക്കുന്നതിനുള്ള നിർദേശവും പുതിയ മദ്യനയത്തിൽ ഉണ്ട്. കശുമാങ്ങ, ജാതിക്ക, പൈനാപ്പിൾ, തുടങ്ങിവയിൽ നിന്നുള്ള ഉൽപാദനം ആണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്.
ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എസ് ഇ/ എസ് ടി കോളനികൾ എന്നിവയിൽ നിന്നുള്ള കള്ളുഷാപ്പുകളുടെ ദൂരപരിധി 200 മീറ്ററാക്കി കുറച്ചേക്കും. നിലവിൽ 400 മീറ്റർ ഉള്ള ദൂരപരിധിയാണ് എക്സൈസ് കമ്മിഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 200 മീറ്റർ ആക്കി കുറയ്ക്കാൻ ആലോചിക്കുന്നത്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും ദൂര പരിധി കുറച്ചിരുന്നു.
ജനങ്ങൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങാൻ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങളോട് കൂടിയ ബാറുകളും കള്ള് ഷാപ്പുകളും പുതിയതായി തുടങ്ങും. വിനോദ സഞ്ചാര മേഖലകളിൽ കൂടുതൽ മദ്യശാലകൾ തുടങ്ങും.
Discussion about this post