മംഗലൂരു: ഹിജാബ് ധരിക്കാൻ അനുവദിക്കുന്നത് വരെ പരീക്ഷ എഴുതുന്നില്ലെന്ന വാശിയിൽ ഉഡുപി പിയു കോളേജിലെ വിദ്യാർത്ഥിനികൾ. കർണാടക ഹൈക്കോടതി വിധിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാൽപ്പത് വിദ്യാർത്ഥിനികൾ കഴിഞ്ഞ ദിവസം പരീക്ഷ ബഹിഷ്കരിച്ചു. ഇവർക്ക് പുന:പരീക്ഷ നടത്തില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.
നേരത്തെ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച നടപടി കർണാടക ഹൈക്കോടതി ശരിവെച്ചിരുന്നു. ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കോടതി വിലയിരുത്തി. യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 5ന് കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവ് നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്ന സര്‍ക്കാര്‍ നിലപാട് കോടതി ശരിവെക്കുകയായിരുന്നു.
ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്ന സർക്കാർ വാദവും കോടതി അംഗീകരിച്ചു. തുടർന്ന് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്നും ഹർജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്നുമായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.
Discussion about this post