ഡല്‍ഹി: രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന 72 അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് അംഗങ്ങളുടെ അനുഭവസമ്പത്ത് അക്കാദമിക് അറിവിനേക്കാള്‍ വിലപ്പെട്ടതാണെന്നും വിരമിക്കുന്ന അംഗങ്ങളോട് വീണ്ടും തിരികെ വരാനാണ് താന്‍ പറയാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മളെല്ലാവരും ഈ പാര്‍ലമെന്റില്‍ വളരെക്കാലം ചിലവഴിച്ചിട്ടുണ്ടെന്നും ഈ വീട് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ ഒരുപാട് സംഭാവന ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയിലെ അംഗമെന്ന നിലയില്‍ ശേഖരിച്ച അനുഭവ സമ്പത്തുകള്‍ രാജ്യത്തിന്റെ നാല് ദിശകളിലേക്കും കൊണ്ടുപോകാന്‍ നിങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാണി നാര, റിപുണ്‍ ബോറ, ആനന്ദ് ശര്‍മ്മ, എ.കെ ആന്റണി, കെ.സോമപ്രസാദ്, എം.വി ശ്രേയാംസ് കുമാര്‍, സര്‍ദാര്‍ സുഖ്ദേവ് സിംഗ് ദിന്‍ഡ്സ, നരേഷ് ഗുജ്റാള്‍, ഡോ.സുബ്രഹ്മണ്യന് സ്വാമി, ഡോ.നരേന്ദ്ര ജാദവ്, സുരേഷ് ഗോപി, എം.സി മേരി കോം, രൂപ ഗാംഗുലി, സ്വപന് ദാസ് ഗുപ്ത എന്നീ രാജ്യാസഭാഗങ്ങളാണ് ഏപ്രിലില്‍ വിരമിക്കുന്നത്.
ജയറാം രമേഷ്, നിര്‍മല സീതാരാമന്, കെ.സി രാമമൂര്‍ത്തി, സുരേഷ് പ്രഭു, വൈ.എസ് ചൗധരി, ടി.ജി വെങ്കിടേഷ്, വി വിജയസായി റെഡ്ഡി, ഛായാ വര്‍മ, രാം വിചാര്‍ നേതം, എം.ജെ അക്ബര്‍, വിവേക് കെ. തന്‍ഖ, സമ്പതിയ യുകെയ് എന്നിവര്‍ ജൂണിലും പിയൂഷ്ഗോയല്‍, പി.ചിദംബരം, പ്രഫുല്‍ പട്ടേല്‍, മുഖ്താര്‍ അബ്ബാസ് നഖ്വി, മഹേഷ് പൊദ്ദാര്‍, ഡോ. വികാസ് മഹാത്മെ, സഞ്ജയ് റൗട്ട്, വിനയ് പി സഹസ്രബുദ്ധെ എന്നിവര്‍ ജൂലൈയിലും വിരമിക്കും.
Discussion about this post