കൊല്ലം: ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ തൃശൂരില്‍ നിന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വില്പനക്കായി കൊണ്ടുവന്ന മൂന്നുകോടി രൂപ വിലവരുന്ന 6.410 കിലോ സ്വര്‍ണാഭരണങ്ങള്‍ കരുനാഗപ്പള്ളി ജി.എസ്.ടി മൊബൈല്‍ സ്ക്വാഡ് പിടികൂടി. പിഴയിനത്തില്‍ 18.75 ലക്ഷം രൂപ ഈടാക്കി സ്വര്‍ണാഭരണങ്ങള്‍ ഉടമക്ക് വിട്ടുനല്‍കി.
കഴിഞ്ഞ സാമ്പത്തികവര്‍ഷം കരുനാഗപ്പള്ളി ജി.എസ്.ടി സ്ക്വാഡ് 24 കേസുകളിലായി 11 കോടി വിലവരുന്ന 22 കിലോ സ്വര്‍ണാഭരണങ്ങളും ഉരുക്കിയ സ്വര്‍ണവുമാണ് പിടികൂടിയത്. നികുതി, പിഴ എന്നീ ഇനങ്ങളിലായി 1.05 കോടി രൂപ ഈടാക്കി. 2020-21 സാമ്പത്തികവര്‍ഷം 41 കേസുകളിലായി 15.33 കോടി വിലവരുന്ന 32 കിലോ സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. ഒരു കോടി 25 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി. പിഴയും ഫൈനും അടയ്ക്കാത്തതിനാല്‍ ജി.എസ്.ടി നിയമപ്രകാരം നാല് കിലോ സ്വര്‍ണാഭരണങ്ങളും അവ കടത്താനുപയോഗിച്ച രണ്ട് കാറുകളും സര്‍ക്കാറിലേക്ക് കണ്ടുകെട്ടുകയും ചെയ്തു.
അസിസ്റ്റന്റ് കമീഷണര്‍ (ഇന്റലിജന്റ്സ്) എസ്. രാജീവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളിലാണ് ഇവ പിടികൂടിയത്. പരിശോധനകളില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫിസര്‍മാരായ ബി. രാജേഷ്, എസ്. രാജേഷ്കുമാര്‍, ബി. രാജീവ്, ടി. രതീഷ്, ഇ.ആര്. സോനാജി, ഷൈല, പി. ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.
കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, കൊല്ലം, ഭരണിക്കാവ്, കുണ്ടറ, അടൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ വാഹന പരിശോധനക്കിടയിലും കൊല്ലം, കരുനാഗപ്പള്ളി, കായംകുളം റെയില്‍വേ സ്റ്റേഷനുകളിലും നടത്തിയ നിരീക്ഷണത്തിലുമാണ് ഇത്രയും സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് ജോയന്റ് കമീഷണര്‍ കെ. സുരേഷ്, ഇന്റലിജന്റ് ജോയന്റ് കമീഷണര്‍ കിരണ്‍ലാല്‍, കൊല്ലം ഡെപ്യൂട്ടി കമീഷണര്‍ (ഇന്റലിജന്റ്സ്) എച്ച്. ഇര്‍ഷാദ് എന്നിവരുടെ നിര്‍ദേശപ്രകാരമാണ് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്.
Discussion about this post