ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് ബിജെപിയുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. രാജ്യത്തിന്റെ സ്വന്തം പ്രധാനമന്ത്രിയ്ക്കായി പ്രചാരണത്തിനിറങ്ങുകയാണ് ഇനി അവർ. ഇന്ന് രാവിലെ 11.40 ഓടെയാണ് പ്രധാമന്ത്രി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ഉത്തർപ്രദേശിലെ വാരാണസി ലോക്‌സഭാ മണ്ഡലമാണ് പ്രധാനമന്ത്രിയുടെ തട്ടകം. കഴിഞ്ഞ രണ്ട് തവണയും ഇവിടെ നിന്നുമാണ് അദ്ദേഹം മത്സരിച്ച് പ്രധാനമന്ത്രിയായത്. എതിർസ്ഥാനാർത്ഥികൾക്കെതിരെ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഇക്കുറിയും ഇത് ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ജൂൺ ഒന്നിനാണ് മണ്ഡലം വിധിയെഴുതുന്നത്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമാണ് പ്രധാനമന്ത്രി പത്രികാ സമർപ്പണത്തിനായി തിരഞ്ഞെടുത്തത്. ഇതിന് പിന്നിൽ ഒരു കാരണം ഉണ്ട്. 11.40 നും 12 നും ഇടയിൽ ആയിരുന്നു അദ്ദേഹം പത്രിക സമർപ്പിച്ചത്. ഈ സമയം പ്രധാനമന്ത്രി തിരഞ്ഞെടുത്തതിന് പിന്നിലുമുണ്ട് മറ്റൊരു കാരണം.
ജ്യോതിഷ പ്രകാരം 11.40 മുതൽ 12 മണിവരെയുള്ള സമയമായിരുന്നു ശുഭ മുഹൂർത്തം. ഇത് അഭിജിത് മുഹൂർത്തം എന്നാണ് അറിയപ്പെടുന്നത്. ഈ മുഹൂർത്തത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് ഹൈന്ദവ വിശ്വാസം. ഗംഗാദേവി ഭൂമിയിലേക്ക് ഇറങ്ങി വന്ന ഗംഗാ സപ്തമി ദിനം കൂടിയാണ് ഇന്ന്. ഈ ദിനത്തിന് വലിയ പ്രാധാന്യം ആണ് ഹിന്ദു വിശ്വാസത്തിൽ ഉള്ളത്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കാശി വിശ്വനാഥ ക്ഷേത്രത്തിൽ എത്തിയ പ്രധാനമന്ത്രി പ്രാർത്ഥിക്കുകയും വിവിധ പൂജകൾ നടത്തുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ കാലഭൈരവ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തിയിരുന്നു. ഗംഗാ നദിയെ തൊഴുതു വണങ്ങിയതിന് പിന്നാലെ ആയിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അദ്ദേഹം കളക്ടറേറ്റിൽ എത്തിയത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കായി ശുഭമുഹൂർത്തം കുറിച്ച പണ്ഡിറ്റ് ഗംഗേശ്വർ പണ്ഡിറ്റിനൊപ്പം എത്തിയായിരുന്നു പ്രധാനമന്ത്രി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
Discussion about this post