കണ്ണൂർ : തിരഞ്ഞെടുപ്പ് കാലമായാൽ വോട്ടെടുപ്പ് ദിവസം കണ്ണൂരിലെ പരേതർ തിരിച്ചെത്താറുണ്ട് എന്നുള്ളത് കാലങ്ങളായി കേരളം കേട്ട് തഴമ്പിച്ച കാര്യമാണ്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വോട്ട് ചെയ്യാൻ മാത്രമല്ല, പെൻഷൻ വാങ്ങാനും കണ്ണൂരിലെ പരേതർ എത്താറുണ്ട്. കണ്ണൂർ കോർപ്പറേഷനിൽ മാത്രം ലക്ഷങ്ങൾ ആണ് ഇത്തരത്തിൽ പരേതർ പെൻഷൻ ആയി വാങ്ങിയിട്ടുള്ളത്. 2022-2023 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് കണ്ണൂരിലെ പരേതരുടെ പെൻഷൻ വാങ്ങൽ പരസ്യമായത്.
സാമൂഹ്യ ക്ഷേമ പെൻഷൻ, വിധവ പെൻഷൻ തുടങ്ങി എല്ലാ മേഖലകളിലും പരേതർ പണം കൈപ്പറ്റുന്നുണ്ട്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ മാത്രം മരണപ്പെട്ടവർ വാങ്ങിയ പെൻഷൻ 7,48,200 രൂപയാണ്. മരിച്ചുപോയ ശേഷവും പല കണ്ണൂർക്കാരും വാർദ്ധക്യകാല പെൻഷനും കൈപ്പറ്റാറുണ്ട്. 6,61,000 രൂപയാണ് ഇത്തരത്തിൽ മരിച്ചുപോയവർ വാർദ്ധക്യ പെൻഷൻ ആയി കൈപ്പറ്റിയിട്ടുള്ളത്.
മരിച്ചു പോയെങ്കിലും വിധവ പെൻഷൻ വാങ്ങാൻ സ്ഥിരമായി എത്തുന്ന പരേതകളും കണ്ണൂരിൽ ഉണ്ട്. 41,200 രൂപയാണ് ഇത്തരത്തിൽ പരേതമാർ വിധവ പെൻഷൻ വാങ്ങിയിട്ടുള്ളത്. 39,600 രൂപ കർഷക തൊഴിലാളികളും മരണശേഷം പെൻഷനായി കൈപ്പറ്റിയിട്ടുണ്ട്. പരേതരുടെ കൂട്ടത്തിൽ അല്പം ഭേദം അവിവാഹിതരും ഭിന്നശേഷിക്കാരും ആണ്. ഭിന്നശേഷിക്കാരായ പരേതർ 4800 രൂപയും 50 വയസ്സിനു ശേഷവും അവിവാഹിതരായ പരേതർ 1600 രൂപയും ആണ് പെൻഷനായി വാങ്ങിയിട്ടുള്ളത്.
Discussion about this post