ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിനെ മാത്രമല്ല അദ്ധേഹത്തിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയെ കൂടെ പ്രതിചേർക്കുമെന്ന് ഡൽഹി ഹൈക്കോടതിയോട് വ്യക്തമാക്കി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്. എക്‌സൈസ് നയ കേസിൽ ജാമ്യം തേടി എഎപി നേതാവ് മനീഷ് സിസോദിയ സമർപ്പിച്ച ഹർജി കോടതി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര ഏജൻസി ഇക്കാര്യം അറിയിച്ചത്.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിലാണ് എഎപിയെ പ്രതിയാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുറന്നു പറഞ്ഞത്.
മദ്യവ്യാപാരികളുടെയും രാഷ്ട്രീയക്കാരുടെയും അവിശുദ്ധ സംഘമായ ‘സൗത്ത് ഗ്രൂപ്പിൻ്റെ’ താൽപ്പര്യങ്ങൾക്ക് അനുകൂലമായാണ് മദ്യനയം രൂപീകരിച്ചത്. ഇതിന് പ്രതിഫലമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള നിരവധി എഎപി നേതാക്കൾ പാരിതോഷികങ്ങൾ സ്വീകരിച്ചതായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് പുറത്ത് കൊണ്ടുവന്നിട്ടുണ്ട്.
കൂടാതെ ഈ അഴിമതിയിൽ നിന്നും ലഭിച്ച വരുമാനത്തിന്റെ വലിയൊരു ഭാഗം, ഗോവ തിരഞ്ഞെടുപ്പിന് വേണ്ടി ആം ആദ്മി ഉപയോഗിച്ചിട്ടുണ്ട്. ഇതിനാലാണ് ആം ആദ്‌മി എന്ന പാർട്ടിയെ തന്നെ പ്രതിപട്ടികയിൽ ചേർക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post