പത്തനംതിട്ട : അവധിക്കാലമായാൽ പുതിയ തലമുറ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കളിക്കാനായി ഒരു നല്ല കളിസ്ഥലം ഇല്ലാത്തത്. പല ഗ്രാമങ്ങളിലും തിരക്കൊഴിഞ്ഞ റോഡുകളിൽ പന്ത് തട്ടി കളിക്കുന്ന കുട്ടികളെ ഈ അവധിക്കാലങ്ങളിൽ ധാരാളം കാണാൻ കഴിയും. പത്തനംതിട്ട മലയാലപ്പുഴയിലെ താഴം ഗ്രാമത്തിലെ കുട്ടികൾക്കും ഇതേ അവസ്ഥ തന്നെയായിരുന്നു. എന്നാൽ പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകർ മുന്നിട്ടിറങ്ങിയതോടെ ഇന്ന് താഴം ഗ്രാമത്തിലെ കുട്ടികൾക്ക് ഉഗ്രനൊരു ഗ്രൗണ്ട് ആണ് കളിക്കാനായി ലഭിച്ചിരിക്കുന്നത്.
താഴം ഗ്രാമത്തിലെ അമ്പലക്കുളം ശാഖയിലെ ആർഎസ്എസ് പ്രവർത്തകരാണ് കുട്ടികൾക്ക് കളിക്കാനായി നല്ല ഒരു ഗ്രൗണ്ട് ഒരുക്കി നൽകിയത്. സമീപവാസിയും സൈനികോദ്യോഗസ്ഥനും ആയിരുന്ന സുധീർനാഥ്
ആണ് തന്റെ ഭൂമിയുടെ ഒരു ഭാഗം കുട്ടികളുടെ കളിസ്ഥലമായി വിട്ടുകൊടുത്തത്. തുടർന്ന് ആർഎസ്എസ് പ്രവർത്തകർ മുന്നിട്ടിറങ്ങി ഈ സ്ഥലം ഒക്കെ ചെത്തി ഒരുക്കി മണ്ണിട്ട് നികത്തി ഒരു പ്രൊഫഷണൽ ടച്ച് ഉള്ള പിച്ച് തന്നെയാണ് പുതിയ തലമുറയ്ക്ക് കളിക്കാനായി ഒരുക്കി കൊടുത്തത്.
കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഇന്ന് കുട്ടികളുടെ അവസ്ഥ ഇതുതന്നെയാണ്. വളർന്നുവരുന്ന പുതിയ തലമുറയ്ക്ക് നല്ല രീതിയിലുള്ള കായിക ക്ഷമത ഉണ്ടാകണമെങ്കിൽ അവർക്ക് കളിക്കാൻ കഴിയുന്ന മികച്ച മൈതാനങ്ങളും ആവശ്യമാണ്. താഴം ഗ്രാമത്തിലെ ഈ മാതൃക കണ്ട് ഓരോ പഞ്ചായത്തുകളും മുന്നിട്ടിറങ്ങട്ടെ എന്നാണ് സൈനികോദ്യോഗസ്ഥനായ സുധീർനാഥിന് പറയാനുള്ളത്.
Discussion about this post