ഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രില്‍ 22 നായിരിക്കും സന്ദര്‍ശനമെന്നാണ് സൂചന. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ വ്യാപാര കരാറുകളില്‍ ചര്‍ച്ച നടന്ന് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.
ഇതിന് മുമ്പ് ബോറിസ് ജോണ്‍സണ്‍ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് സന്ദര്‍ശനം റദ്ദു ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോറിസ് ജോണ്‍സനും തമ്മില്‍ കൂടിക്കാഴ്ച സംബന്ധിച്ച് ഫോണില്‍ ചര്‍ച്ച ചെയ്തതെന്ന വിവരം കഴിഞ്ഞമാസം പുറത്ത് വന്നിരുന്നു.
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ബോറിസ് ജോണ്‍സന്‍ മുഖ്യാതിഥിയായിരുന്നെങ്കിലും ബ്രിട്ടണിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സന്ദര്‍ശനം റദ്ദ് ചെയ്തിരുന്നു. പ്രധാനമന്ത്രി മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനവും കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം മൂലം ഉപേക്ഷിച്ചിരുന്നു.
ഇന്ത്യ സന്ദര്‍ശിക്കുന്നതിനും മോദിയുമായി ചര്‍ച്ച നടത്തുന്നതിനും ബോറിസ് ജോണ്‍സന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി ഡൗണിങ് സ്ട്രീറ്റ് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ യെ അറിയിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗ്ലാസ്‌ഗോയില്‍ നടന്ന സി.ഒ.പി26 കാലാവസ്ഥാ ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കണ്ടത്. ലോക നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇന്ത്യ-യു.കെ കാലാവസ്ഥാ പങ്കാളിത്തത്തിലും 2030-ലെ റോഡ്‌മാപ്പിന്റെ അവലോകനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
Discussion about this post