ബംഗലൂരു: ഉറുദു സംസാരിക്കാൻ വിസമ്മതിച്ച 22 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ ജെജെ നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ തിങ്കളാഴ്‌ച്ചയാണ് സംഭവം. ജയ്മരുതി നഗർ സ്വദേശി ചന്ദ്രുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പിടിയിലായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഷാഹിദ് പാഷ, ഷാഹിദ് ഗോലി എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ട് പേർ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.
മൂന്ന് പേർക്കെതിരേയും കൊലപാതക കുറ്റം ചുമതി കേസെടുത്തിട്ടുണ്ട്. ജയ്മരുതി നഗരത്തിലൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ചന്ദ്രുവിന്റെ ബൈക്ക് പ്രതികളിലൊരാളുടെ ബൈക്കിൽ തട്ടിയിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കമാണ് വർഗീയ പരാമർശങ്ങളിലേക്കും കൊലപാതകത്തിലേക്കും എത്തിയത്.
കന്നഡയിലാണ് ചന്ദ്രു പ്രതികളോട് സംസാരിച്ചത്. ഇതാണ് പ്രകോപനത്തിന് കാരണം. പിന്നാലെ ഉറുദുവിൽ സംസാരിക്കാൻ പ്രതികൾ ആവശ്യപ്പെടുകയായിരുന്നു. ചന്ദ്രു ഇത് നിഷേധിച്ചു. തുടർന്ന് പ്രതികളിൽ ഒരാൾ ചന്ദ്രുവിനെ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു.
കുത്തി വീഴ്ത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ ചന്ദ്രുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചന്ദ്രു ക്രിസ്ത്യൻ സമുദായത്തിൽ പെട്ടയാളാണ്. സുഹൃത്ത് സൈമൺ രാജിനൊപ്പം മൈസൂർ റോഡിലെ ഒരു ഭക്ഷണശാലയിൽ പോകുന്നതിനിടെയായിരുന്നു സംഭവം.
Discussion about this post