ഡല്‍ഹി: ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക് കേസില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. 12 വര്‍ഷം മുമ്പ് ബാങ്കിന് കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.
വ്യാഴാഴ്ച രാവിലെ 11ന് ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തെത്തിയ ഉമറിന്റെ മൊഴി രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2010-ല്‍ മുംബൈ ബാന്ദ്ര കുര്‍ളയില്‍ ജെ ആന്‍ഡ് കെ ബാങ്കിന് കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം. അന്നത്തെ ജമ്മു-കശ്മീര്‍ ധനമന്ത്രി ഹസീബ് ദ്രബു ആയിരുന്നു ബാങ്ക് ചെയര്മാന്. മുംബൈയില്‍ കെട്ടിടം വാങ്ങുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ദ്രബുവിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച രണ്ടംഗ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് കെട്ടിടം വാങ്ങിയത്. 109 കോടി രൂപ വിലയുള്ള 42,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം വാങ്ങാനാണ് ബാങ്ക് അനുമതി നല്‍കിയിരുന്നതെന്നാണ് ആരോപണം. എന്നാല്‍, പിന്നീട് രണ്ടംഗ സമിതിയും ബാങ്ക് ഭരണ സമിതിയും 172 കോടി രൂപ വിലയുള്ള 65,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം വാങ്ങാന്‍ അനുമതി നല്‍കിയതായി പറയുന്നു. ബാങ്കിന്റെ ഏറ്റവും വിലപിടിപ്പുള്ള സ്വത്താണ് ഈ കെട്ടിടം.
Discussion about this post