കോഴിക്കോട്: വടകര റെയിൽവേ പ്ലാറ്റ്ഫോം ബെഞ്ചിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ ബാഗും ഫോണും മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ് എന്നിവരെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കോഴിക്കോട് മേപ്പയൂർ സ്വദേശി ശിവദാസിന്റെ ബാഗും മൊബൈൽ ഫോണുമാണ് പ്രതികൾ മോഷ്ടിച്ചത്. പ്ലാറ്റ്ഫോം ബെഞ്ചിൽ ഉറങ്ങുകയായിരുന്ന ശിവദാസിന്റെ പോക്കറ്റിൽനിന്ന് ഫോണും അരികിലുണ്ടായ ബാഗും പ്രതികളിൽ ഒരാൾ മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നാലെ മറ്റൊരാള്‍ എത്തി ബാഗിലെ സാധനങ്ങൾ സഞ്ചിയിലാക്കിയ ശേഷം രണ്ടുപേരും സ്റ്റേഷനിൽനിന്ന് ഇറങ്ങി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
സാധനങ്ങൾ മോഷണം പോയതറിഞ്ഞ ശിവദാസ് റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നു പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽനിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. നിലവിൽ പ്രതികൾ റിമാൻഡിലാണ്.
Discussion about this post