അഗളി: അട്ടപ്പാടി വനമേഖലയില്‍ പോലിസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മാവോയിസ്റ്റുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. മലയാളികളായ രണ്ട് പേര് ആക്രമണത്തില്‍ പങ്കെടുത്തതായി എഫ്.ഐ.ആറില്‍ പറയുന്നു.
ഇവരില്‍ ഒരാള്‍ വയനാട് സ്വദേശിയായ സോമനാണ്. മറ്റൊരാള്‍ അഗളി സ്വദേശിയാണെങ്കിലും ഇയാളുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കന്യാകുമാരിയെന്ന വനിതാ മാവോവാദിയും സംഘത്തിലുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഈ കേസ് തീവ്രവാദ സ്വഭാവമുള്ളതായതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയേക്കും.
മുക്കാലിയില്‍ നിന്നും 25 കിലോമീറ്ററോളം അകലെ കടുകമണ്ണ ഊരിനും ഗൊട്ടിയാര്‍കണ്ടി വനമേഖലയിക്കും ഇടയിലായിരുന്നു ഇന്നലെ ഉച്ചക്ക് 12 മണിയോടെ ഏറ്റുമുട്ടല്‍ നടന്നത്. അഗളി ഡിവൈ.എസ്.പി. എസ്. ഷാനവാസ്, സി.െഎ. കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങള്‍ വനമേഖലയിലുണ്ടായിരുന്നു.
മാവോയിസ്റ്റുകള്‍ പോലീസ് സംഘത്തിനു നേരെ വനത്തിനകത്തുനിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. മരങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്ന് പോലീസും തിരികെ വെടിവെച്ചു. അഞ്ചുമിനിറ്റ് തുടര്‍ച്ചയായി വെടിവെപ്പ് നടന്നതായി പറയുന്നു. ഇതിനിടെ കാട്ടിനകത്തുണ്ടായിരുന്നവര് ചിതറിയോടി. ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേരെ കണ്ടതായാണ് പോലീസുകാര്‍ പറയുന്നത്.
പിന്നീട് വനത്തില്‍ നടത്തിയ പരിശോധനയില്‍ കുറച്ച് ലഘുലേഖകള്‍, രണ്ട് സഞ്ചികളിലായി തുണി, സോപ്പ്, ചെറുകത്തികള്‍, പ്ലാസ്റ്റിക് ഷീറ്റ്, പാത്രങ്ങള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. അഗളി ഡിവൈ.എസ്.പി എസ്. ഷാനവാസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post