തിരുവനന്തപുരം: കേരളത്തിൽ ഇന്നും വേനൽ മഴയും കാറ്റും തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയാണ് കേരളത്തിലെ മഴയ്ക്ക് കാരണം.
ഇന്ന് വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ചക്രവാതച്ചുഴി കേരളാ തീരത്ത് നിന്ന് അകലുന്നതിനാൽ നാളെയോടെ മഴ ദുർബലമാകുമെന്നാണ് നിലവിലെ റിപ്പോർട്ട്.
കൂടാതെ ഏപ്രിൽ 18 വരെ കേരളത്തിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post