ഡല്‍ഹി; രാജ്യത്ത് 18-59 പ്രായത്തിലുള്ള ആളുകളില്‍ 3.87 ലക്ഷം പേര് മാത്രമാണ് കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് എടുത്തിട്ടുള്ളത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ ഡോസുകളില്‍ 51 ശതമാനവും കഴിഞ്ഞ നാല് ദിവസങ്ങളില്‍ നല്‍കിയതാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വര്‍ധിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു ഇതിന് പിന്നാലെയാണ് മൂന്നാം ഡോസ് സ്വീകരിക്കാന്‍ കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നത്.
കണക്കുകള്‍ പ്രകാരം കഴിഞ്ഞ 14 ദിവസങ്ങളിലായി 18-59 പ്രായത്തിലുള്ളവര്‍ക്ക് രാജ്യത്തുടനീളം 3,87,719 മൂന്നാം ഡോസുകള്‍ നല്കി. ഏപ്രില്‍ 20 മുതല്‍ ഏപ്രില്‍ 24 വരെ സ്വീകരിച്ച 1.98 ലക്ഷം ഉള്‍പ്പെടെയാണ് ഈ കണക്ക്. മൂന്നാമത്തെ ഡോസുകളുടെ പകുതിയിലധികം വലിയ മെട്രോ നഗരങ്ങളുള്ള സംസ്ഥാനങ്ങളിലാണ് വിതരണം ചെയ്തിരിക്കുന്നത്.
മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്നാം ഡോസ് സ്വീകരിക്കാന്‍ മടി കാണിച്ചിരുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വകാര്യ കേന്ദ്രങ്ങളില്‍ പണമടച്ചാല്‍ മാത്രമേ ഈ ഡോസുകള്‍ ലഭിക്കു എന്നതും മൂന്നാം-ഡോസ് സ്വീകരിക്കുന്നതില്‍ നിന്ന് ജനങ്ങളെ അകറ്റി നിര്‍ത്തിയെന്നും കേന്ദ്രം വിലയിരുത്തി.
18-59 വിഭാഗത്തിലെ മുന്‍കരുതല്‍ ഡോസുകള്‍ പ്രധാനമായും വിദേശ യാത്രയ്ക്ക് ആവശ്യമുള്ളവരും രോഗാവസ്ഥകള്‍ അനുഭവിക്കുന്നവരും മാത്രമാണ് എടുത്തിരുന്നത് എന്നും കണക്കുകള്‍ പറയുന്നു. മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 14 ദിവസങ്ങളിലായി 18-59 പ്രായക്കാര്‍ക്കുള്ള മൂന്നാം ഡോസുകളില്‍ 54 ശതമാനവും സ്വീകരിച്ചത് ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍ ഉള്ളവര്‍ ആയിരുന്നു. ഡല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ മേഖലകളില്‍ സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചതാണ് ഇതിന് പ്രധാന കാരണം.
രാജസ്ഥാന്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വളരെ മന്ദ ഗതിയിലാണ് വാക്സിനേഷന് നടക്കുന്നത് ഇവിടങ്ങളില്‍ യഥാക്രമം 3,918, 4,303, 5,290 എന്നിങ്ങനെയാണ് വാക്സിനേഷന് സെന്ററുകളുടെ എണ്ണം. ബീഹാര്‍ പോലുള്ള ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനം പോലും 18-59 ഗ്രൂപ്പിന് 22,141 മുന്‍കരുതല്‍ ഡോസുകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. അതേസമയം, ദേശീയ തലസ്ഥാന മേഖലയിലെ ഗുഡ്ഗാവിലെ മെട്രോ പ്രദേശം ഉള്‍പ്പെടുന്ന ഹരിയാന പോലുള്ള ഒരു ചെറിയ സംസ്ഥാനം ഈ വിഭാഗത്തിലുള്ളവര്‍ക്ക് 19,918 മുന്‍കരുതല്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.
ജനുവരി 10 മുതല്‍ സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മൂന്നാം ഡോസ് സൗജന്യമായി ലഭിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
Discussion about this post