ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ മുഖപ്രസംഗം. രാജ്യത്ത് നടന്നുവരുന്ന ഘര്‍വാപസിക്കും, ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണത്തിലും നരേന്ദ്ര മോദി മൗനം പാലിക്കുന്നത് ആപല്‍ക്കരമാണെന്നും ന്യൂയോര്‍ക്ക് ടൈംസ് ആരോപിച്ചു.
ഹിന്ദുത്വ വല്‍ക്കരണത്തിന് മോദി പ്രോല്‍സാഹനം നല്‍കുകയാണ്. ഇന്ത്യ ഒട്ടാകെയുള്ള ജന സംരക്ഷണത്തിനായി ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്ത ഒരാളാണ് പ്രധാനമന്ത്രി.അദ്ദേഹത്തിന്റെ മൗനം രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള അവഗണനയാണെന്നും പത്രം ആരോപിച്ചു. വിശ്വ ഹിന്ദു പരിഷത്ത് ഈ വര്‍ഷം അവസാനം നടത്തുന്ന അയോധ്യാ മാര്‍ച്ചിനെയും മുഖപ്രസംഖത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
ഡല്‍ഹിയില്‍ കഴിഞ്ഞ ഡിസംബറില്‍ രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണവും പണം കവര്‍ച്ച ചെയ്യുകയുമുണ്ടായി. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരായി ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യം പ്രകടിപ്പിച്ച് ക്രിസ്ത്യന്‍ സംഘടനകള്‍ നിരവധി തവണ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിട്ടും ഫലം കണ്ടില്ല, തന്നെയുമല്ല മോദി ഇക്കാര്യം കണ്ട ഭാവം നടിച്ചില്ല. ഡിസംബര്‍ അവസാനത്തോടെ ആഗ്രയില്‍ നിന്ന് 200 മുസ്ലിങ്ങളും പശ്ചിമ ഹംഗാളില്‍ നിന്നും 100 ക്രിസ്തുമത വിശ്വാസികളും ഹിന്ദുമതം സ്വീകരിച്ചു.
അയോധ്യയില്‍ 3000 ത്തോളം ഇസ്ലാം മതവിശ്വാസികളെ വി എച്ച് പി യുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തനം നടത്തി. ഇന്ത്യയിലെ ഹിന്ദു ദേശീയ സംഘാടനകള്‍ ഘര്‍വാപസി പൂര്‍ണ്ണ പിന്തുണ നല്‍കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ഈ സംഭവത്തിലും മോദി മൗനം പാലിച്ചു. ഇന്ത്യയിലുള്ള മതപരിവര്‍ത്തനത്തിന് വി എച്ച് പി യും ആര്‍ എസ് എസും തുറന്ന പിന്തുണയാണ് നല്‍കുന്നത്.
ഇന്ത്യയില്‍ ഹിന്ദുമത വിശ്വാസികള്‍ 80 ശതമാനത്തോളമാണുള്ളത്. 20 ശതമാനം മാത്രമാണ് മറ്റു മത വിശ്വാസികള്‍. രാജ്യത്തെ ഹിന്ദു രാഷ്ട്രമാകുക എന്ന ലക്ഷ്യമാണ് പ്രവീണ്‍ തൊഗാഡിയുടെ നേതൃത്വത്തിലുള്ള വിഎച്ച്പി വ്യക്തമാക്കിയത്. അതിലേക്ക് എത്തിചേരാന്‍ മറ്റ് മതവിശ്വാസികളെ നിഷേധിക്കുക എന്നതാണ് തങ്ങള്‍ക്ക് ചെയ്യാനുള്ളതെന്നും പറഞ്ഞു. തീക്കൊള്ളിക്കൊണ്ടാണ് തല ചൊറിയുന്നതെന്ന് വിശ്വഹിന്ദു പരിഷത്തിനും അറിയാമെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.
നേരത്തെ മതസഹിഷ്ണുതയുടെ കാര്യത്തില്‍ ഇന്ത്യയിലെ അവസ്ഥ മഹാത്മാഗാന്ധിയെ വേദനിപ്പിക്കുമായിരുന്നു എന്ന് കഴിഞ്ഞ ദിവസം ഒബാമ പ്രസംഗിച്ചത് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യയില്‍ കൃസ്ത്യന്‍ സമൂഹം വലിയ തോതില്‍ ഹിന്ദുമതത്തിലേക്ക് തിരികെയെത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് അമേരിക്കയേയും ന്യൂയോര്‍ക്ക് ടൈംസിനെയും ചൊടിപ്പിക്കുന്നതെന്ന് സംഘപരിവാര്‍ നേതാക്കള്‍ പറയുന്നു. ഒബാമയുടെ ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിനെതിരെ ഇന്ത്യയുടെ അതൃപ്തി കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നിലപാട് മയപ്പെടുത്തി വൈറ്റ് ഹൗസ് പ്രസ്താവന ഇറക്കുകയും ചെയ്തു.
Discussion about this post