ഡല്‍ഹി: അതിര്‍ത്തിയില്‍ ഇടപെട്ടാല്‍ അമേരിക്കയെയും ഇസ്രയേലിനെയും പോലെ ഇന്ത്യ തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
പാക്കിസ്ഥാന് പിന്തുണയുള്ള തീവ്രവാദികള്‍ ഭീകരാക്രമണം നടത്തുമ്പോഴെല്ലാം മുമ്പ് ഇന്ത്യ പ്രസ്താവനകള്‍ ഇറക്കാറുണ്ടായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇസ്രയേലും മാത്രമേ തങ്ങളുടെ അതിര്‍ത്തിയിലും സൈന്യത്തിലും ഇടപെടുന്പോഴെല്ലാം തിരിച്ചടിച്ചിരുന്നുള്ളൂ. ഇപ്പോള്‍ പ്രധാനമന്ത്രി മോദി കാരണം നമ്മുടെ മഹത്തായ രാഷ്ട്രം ആ ഗ്രൂപ്പില്‍ ചേര്‍ന്നു- ബംഗളൂരുവില്‍ നടന്ന ഒരു ചടങ്ങിലാണ് അമിത് ഷായുടെ വലിയ പ്രഖ്യാപനം. പുല്‍വാമ, ഉറി ഭീകരാക്രമണങ്ങളെത്തുടര്ന്നു നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. മോദി പ്രധാനമന്ത്രിയായ ശേഷം 2016-ല്‍ ഉറിയിലും 2019-ല്‍ പുല്‍വാമയിലും ഭീകരാക്രമണങ്ങള്‍ നടന്നപ്പോള്‍ പത്തു ദിവസത്തിനകം പാക്കിസ്ഥാനില്‍ വ്യോമാക്രമണം അടക്കം മിന്നലാക്രമണം നടത്തിയെന്ന് അമിത് ഷാ പറഞ്ഞു.
സര്‍ജിക്കല്‍ സ്ട്രൈക്കും വ്യോമാക്രമണവും എന്തു ഫലമുണ്ടാക്കിയെന്ന് ചിലര്‍ ചോദിക്കുന്നു. അതിനു വലിയ സ്വാധീനമുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആര്‍ക്കും ഇടപെടാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ ലോകത്തിനു മുഴുവന്‍ അറിയാം. അല്ലാത്തപക്ഷം ഉചിതമായ മറുപടി നല്‍കും- അമിത് ഷാ പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് ഭരണകാലത്തെ സുരക്ഷാ നടപടികളെ മന്ത്രി കുറ്റപ്പെടുത്തി. പാക്കിസ്ഥാന് പിന്തുണയുള്ള തീവ്രവാദികള്‍ ഭീകരാക്രമണം നടത്തുന്പോഴെല്ലാം ഇന്ത്യ പ്രസ്താവനകള്‍ ഇറക്കാറുണ്ടായിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രിയായതിന് ശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടു. ജമ്മു കാഷ്മീരിന് പ്രത്യേക അധികാരം നല്കുന്ന അനുച്ഛേദം 370, 35-എ റദ്ദാക്കല്‍, പൗരത്വ ഭേദഗതി നിയമം നടപ്പാക്കല്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ മോദി സര്‍ക്കാര്‍ ഉടനടി പരിഹരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനുച്ഛേദം 370 റദ്ദാക്കിയാല്‍ ചോരപ്പുഴ ഒഴുകുമെന്ന് പലരും പറഞ്ഞു. ചോരപ്പുഴ ഒഴുകിയില്ലെന്നു മാത്രമല്ല, ഒരു കല്ലെറിയാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല. കാഷ്മീരിനെ ഇന്ത്യയുടെ ഇതര പ്രദേശങ്ങളുമായി ചേര്‍ക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അതിനാല്‍ 2019 ഓഗസ്റ്റ് അഞ്ച് ഇന്ത്യയുടെ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post