കാഠ്മണ്ഡു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യുബെയും ചേർന്ന് ലുംബിനിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്റർ ഫോർ ബുദ്ധിസ്റ്റ് കൾച്ചർ ആൻഡ് ഹെറിറ്റേജിന്റെ തറക്കല്ലിട്ടു.ബുദ്ധമതത്തിന്റെ തത്വചിന്ത പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ലുംബിനിയിൽ കേന്ദ്ര സർക്കാർ നൂറ് കോടി രൂപ ചെലവിട്ട് ബുദ്ധമതകേന്ദ്രത്തിന്റെ നിർമാണം ആരംഭിക്കുന്നത്.സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്.
മൂന്ന് വർഷത്തിനുള്ളിൽ ഇതിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ്, ചൈന, കാനഡ, ഫ്രാൻസ്, ജർമ്മനി, തായ്‌ലൻഡ് എന്നിവയുൾപ്പെടെ മിക്ക വിദേശ രാജ്യങ്ങളും ലുംബിനിയിൽ ഇതിനോടകം തന്നെ തങ്ങളുടെ ബുദ്ധമത കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.ഇതിന് പിന്നാലെയാണ് ഇന്ത്യയും ബുദ്ധമത ആശ്രമം നിര്മ്മിക്കുന്നത്.
2566ാമത് ബുദ്ധജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നേപ്പാളിലെത്തിയത്. 2020ലെ അതിർത്തി തർക്കത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം നേപ്പാളിലെത്തുന്നത്. ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക ഹെലികോപ്ടറിൽ ലുംബിനിയിലെത്തിയ നരേന്ദ്ര മോദിയെ നേപ്പാൾ പ്രധാനമന്ത്രി ദ്യുബെ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. 2014ൽ പ്രധാനമനമന്ത്രിയായ ശേഷമുള്ള മോദിയുടെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്.










