യുവ താരം അഭിഷേക് ശർമ്മയുടെ ബാറ്റിംഗ് ശൈലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. വെറുമൊരു വെടിക്കെട്ട് ബാറ്റിംഗിനപ്പുറം ഓരോ ഷോട്ടിന് പിന്നിലും അഭിഷേകിന് കൃത്യമായ പ്ലാൻ ഉണ്ടെന്ന് രോഹിത് പറഞ്ഞു. രോഹിത് ഉപേക്ഷിച്ചു പോയ ഇന്ത്യയുടെ ഓപ്പണിങ് സിംഹാസനം ഏറ്റെടുക്കാൻ അദ്ദേഹത്തിന് പറ്റിയ പകരക്കാരനായിട്ടാണ് അഭിഷേകിനെ ഇന്ത്യൻ ആരാധകർ കാണുന്നത്.
രോഹിത് പറഞ്ഞ വാക്കുകൾ ഇങ്ങനെ:
“അഭിഷേക് ശർമ്മ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. അവന്റെ ബാറ്റിംഗ് വളരെ കൃത്യമായ കണക്കുകൂട്ടലുകളോടെയുള്ളതാണ് എക്സ്ട്രാ കവർ, ഇൻസൈഡ് ദി ലൈൻ, ഡീപ്പ് മിഡ്‌വിക്കറ്റ്, ഫൈൻ ലെഗ് എന്നിങ്ങനെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും അവൻ പന്തെത്തിക്കുന്നു. പേസ് ബൗളർമാരെ സ്ഥിരതയോടെ നേരിടാനും തുടക്കത്തിൽ തന്നെ ടീമിന് വലിയ ഇംപാക്ട് നൽകാനും അവന് കഴിയുന്നുണ്ട്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അവൻ നൽകുന്ന ആ അടിത്തറയാണ് പലപ്പോഴും ടീമിനെ വിജയത്തിലേക്ക് നയിക്കുന്നത്.”
അതേസമയം നാഗ്പൂരിൽ നടന്ന ന്യൂസിലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ലോകറെക്കോഡ് തകർത്ത് അഭിഷേക് ശർമ്മ തിളങ്ങിയിരുന്നു. വെറും 22 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി തികച്ച താരം, ടി20 ക്രിക്കറ്റിലെ വെടിക്കെട്ട് വീരന്മാരായ സൂര്യകുമാർ യാദവിനെയും ഫിൽ സാൾട്ടിനെയും പിന്നിലാക്കിയാണ് പുതിയ ചരിത്രം കുറിച്ചത്.
കിവീസ് ബൗളർമാരെ തുടക്കം മുതൽ കടന്നാക്രമിച്ച അഭിഷേക്, 4 ഫോറുകളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെയാണ് 22 പന്തിൽ 50 കടന്നത്. ഇതോടെ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 25-ൽ താഴെ പന്തിൽ എട്ട് തവണ അർദ്ധ സെഞ്ച്വറി തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമായി അഭിഷേക് മാറി. ന്യൂസിലൻഡിനെതിരെ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറിയും ഇതാണ്.












Discussion about this post