നാഗ്പൂരിൽ നടന്ന ന്യൂസിലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ലോകറെക്കോഡ് തകർത്ത് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. വെറും 22 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി തികച്ച താരം, ടി20 ക്രിക്കറ്റിലെ വെടിക്കെട്ട് വീരന്മാരായ സൂര്യകുമാർ യാദവിനെയും ഫിൽ സാൾട്ടിനെയും പിന്നിലാക്കിയാണ് പുതിയ ചരിത്രം കുറിച്ചത്.
കിവീസ് ബൗളർമാരെ തുടക്കം മുതൽ കടന്നാക്രമിച്ച അഭിഷേക്, 4 ഫോറുകളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെയാണ് 22 പന്തിൽ 50 കടന്നത്. ഇതോടെ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 25-ൽ താഴെ പന്തിൽ എട്ട് തവണ അർദ്ധ സെഞ്ച്വറി തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമായി അഭിഷേക് മാറി.
ഏറ്റവും കൂടുതൽ തവണ 25-ൽ താഴെ പന്തിൽ 50 തികച്ചവർ:
അഭിഷേക് ശർമ്മ (ഇന്ത്യ): 8 തവണ
ഫിൽ സാൾട്ട് (ഇംഗ്ലണ്ട്): 7 തവണ
സൂര്യകുമാർ യാദവ് (ഇന്ത്യ): 7 തവണ
എവിൻ ലൂയിസ് (വെസ്റ്റ് ഇൻഡീസ്): 7 തവണ
ന്യൂസിലൻഡിനെതിരെ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറിയും ഇതാണ്. നേരത്തെ രോഹിത് ശർമ്മയും കെ.എൽ രാഹുലും 23 പന്തിൽ നേടിയ റെക്കോർഡാണ് അഭിഷേക് തിരുത്തിയത്. അടുത്തിടെ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യയെ അവരുടെ മണ്ണിൽ തോൽപ്പിക്കാൻ ന്യൂസിലൻഡിന് കഴിഞ്ഞിരുന്നു. അതിനുള്ള മധുരപ്രതികാരമാണ് ടി20 പരമ്പരയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. അഭിഷേക് ശർമ്മയുടെ ഈ വെടിക്കെട്ട് ഫോം വരാനിരിക്കുന്ന ലോകകപ്പിൽ ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടാകും.











Discussion about this post