ലഖ്നൗ : യു പിയിലെ പുതിയ മദ്രസകള്‍ക്കുള്ള ഗ്രാന്റ് പൂര്‍ണമായും നിര്‍ത്തലാക്കാന്‍ തീരുമാനവുമായി യോഗി മന്ത്രിസഭ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇതോടെ ഉത്തര്‍പ്രദേശിലെ പുതിയ മദ്രസകള്‍ക്ക് ഇനി ഗ്രാന്റ് നല്‍കില്ല. സംസ്ഥാനത്തെ പുതിയ മദ്രസകളെ ഗ്രാന്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കും. അഖിലേഷ് യാദവ് സര്‍ക്കാര്‍ തുടങ്ങി വച്ച നയമാണ് ഇതിലൂടെ മാറ്റിയത്.
കഴിഞ്ഞ ബഡ്ജറ്റില്‍ 479 കോടി രൂപയാണ് മദ്രസ നവീകരണ പദ്ധതിക്കായി യുപി സര്‍ക്കാര്‍ വകയിരുത്തിയത്. പതിനാറായിരത്തോളം മദ്രസകളാണ് യു പിയിലുള്ളത്. മദ്രസകളില്‍ എല്ലാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരാഴ്ച മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
മേയ് പന്ത്രണ്ടിനാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് നടപ്പായത്. യുപി ന്യൂനപക്ഷ മന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയാണ് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് 24ന് ചേര്‍ന്ന മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുത്തത്.
Discussion about this post