രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.
പെട്രോള്‍ ലിറ്ററിന് യഥാക്രമം 8 രൂപയും ഡീസലിന് 6 രൂപയുമാണ് എക്സൈസ് തീരുവയില്‍ കുറവ് വരുത്തിയത്. ഇതോടെ ഫലത്തില്‍ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഇന്ധനവിലയക്ക് പുറമെ പാചകവാതക വിലയിലും കുറവ് വരുത്തിയിട്ടുണ്ട്.
രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുവാന്‍ കേന്ദ്രം തീരുമാനിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് നടത്തിയ 5 സുപ്രധാന പ്രഖ്യാപനങ്ങള്‍.
1. പെട്രോള്‍ ലിറ്ററിന് 9.50 രൂപ കുറയും. ഡീസല്‍ ലിറ്ററിന് 8 രൂപ കുറയും. കേന്ദ്ര എക്സൈസ് തീരുവ കുറച്ചതോടെയാണിത്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. ഇതോടെയാണ് പെട്രോള്‍ ലിറ്ററിന് 9.50 രൂപയുടെയും ഡീസല്‍ ലിറ്ററിന് എട്ട് രൂപയുടെയും കുറവുണ്ടാവുന്നത്. പാചക വാതകത്തിന് സബ്സിഡി വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതി മുഖാന്തരമാണ് സബ്സിഡി ലഭിക്കുന്നത്. സിലിണ്ടറിന് 200 രൂപ എന്ന കണക്കില്‍ പരമാവധി 12 സിലിണ്ടറുകള്‍ക്കാണ് സബ്സിഡി ലഭിക്കുക.
2. കാര്‍ഷിക രംഗത്ത് ചെലവുയരുന്ന സാഹചര്യത്തില്‍ വളങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നത് ഉയര്‍ത്തി. ഈ വര്‍ഷത്തെ ബജറ്റില്‍ 1.05 ലക്ഷം കോടിയാണ് വളം സബ്സിഡിയായി നീക്കിവെച്ചത്. ഒരു ലക്ഷം കോടി രൂപ കൂടി സബ്സിഡിയായി നല്‍കും. ഇതോടെ വളത്തിന്റെ വില കുറയും.
3. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെയും അനുബന്ധ ഘടകങ്ങളുടെയും ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ കുറയ്ക്കും. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ ഇറക്കുമതിയെ ഇന്ത്യ വന്‍തോതില്‍ ആശ്രയിക്കുന്നതായി കേന്ദ്രമന്ത്രി പറയുന്നു.
4. ഇരുമ്പിന്റെയും ഉരുക്കിന്റെയും അനുബന്ധ ഘടകങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവ കുറയ്ക്കാന്‍ തീരുമാനമുണ്ട്. ഈ മേഖലയില്‍ കയറ്റുമതിക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
5. നിര്‍മ്മാണ മേഖലയിലും ചെലവ് ചുരുക്കാന്‍ കേന്ദ്രം ഇടപെടുന്നുണ്ട്. സിമന്റ് ലഭ്യത ഉറപ്പാക്കാനും സിമന്റ് വില കുറയ്ക്കാനുമാണ് ശ്രമം. സിമന്റ് മേഖലയില്‍ ചരക്ക് ഗതാഗതം സുഗമമാക്കാനും ഇടപെടുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു.
“ഞങ്ങള്‍ പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് ലിറ്ററിന് 6 രൂപയും കുറയ്ക്കുന്നു. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും,” നിര്‍മല സീതാരാമന് ട്വിറ്ററില്‍ പറഞ്ഞു. ഇത് കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയോളം വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി അര്‍പ്പണബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
യുക്രെയ്ന് സംഘര്‍ഷം മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സങ്ങളും കോവിഡ് -19 മഹാമാരിയില്‍ നിന്ന് ലോകം കരകയറുന്നതും കണക്കിലെടുത്താണ് സീതാരാമന് പ്രഖ്യാപനം നടത്തിയത്. ഈ രണ്ട് സംഭവങ്ങളും പല രാജ്യങ്ങളിലും പണപ്പെരുപ്പത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായെന്ന് അവര്‍ പറഞ്ഞു.
അതിനാല്‍, വെല്ലുവിളി നിറഞ്ഞ അന്താരാഷ്ട്ര സാഹചര്യം കണക്കിലെടുത്ത് അവശ്യ വസ്തുക്കളുടെ വില നിയന്ത്രണത്തില്‍ നിലനിര്‍ത്താന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും സീതാരാമന് പറഞ്ഞു.
Discussion about this post