ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിഘടനവാദ ഘടകങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. ആര്.എസ്.എസ് അനുകൂല വാരികകളായ പാഞ്ചജന്യയുടെയും ഓര്ഗനൈസിന്റെയും മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയന് എന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അസം മുഖ്യമന്ത്രിയുടെ വിമര്‍ശനം.
രാഹുല്‍ ഗാന്ധിയും വിമത ഗ്രൂപ്പായ ഉള്‍ഫയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യയെ സംസ്ഥാനങ്ങളുടെ ഒരു യൂണിയന് മാത്രമായി കാണുന്നത് നമ്മുടെ 5000 വര്‍ഷം പഴക്കമുള്ള സമ്പന്നമായ നാഗരികതയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയന് മാത്രമാണെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ ഇന്ത്യയിലുള്ള എല്ലാത്തിനുമെതിരെ തര്ക്കിക്കുക്കയാണെന്നാണ്. അദ്ദേഹം വിഘടനവാദ ഘടകങ്ങളെ പ്രോല്സാഹിപ്പിക്കുന്നുണ്ടെങ്കില് ഒരുപക്ഷേ ജെ.എന്‍.യുവില്‍ ആരെങ്കിലും അദ്ദേഹത്തെ പഠിപ്പിക്കുന്നുണ്ടാകാം. അദ്ദേഹത്തിന്റെ ഭാഷയും ഉള്‍ഫയുടെ ഭാഷയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.” -അദ്ദേഹം ആരോപിച്ചു.
2015-ല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ ഹിമാന്ത ശര്‍മ്മ സോണിയ ഗാന്ധിയുടെ പാര്‍ട്ടി നേതൃത്വം ഗാന്ധി കുടുംബത്തിനപ്പുറം ഒന്നുമല്ലെന്ന് ആരോപിച്ചിരുന്നു. കോണ്‍ഗ്രസില്‍ ഗാന്ധിമാര്‍ക്കപ്പുറം മറ്റൊന്നുമില്ലെന്നും ബി.ജെ.പിയില്‍ ഞങ്ങള്‍ രാഷ്ട്രത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ നിങ്ങളെക്കാള്‍ വലുതാണെന്ന് ഗാന്ധിമാരോട് പറഞ്ഞാല്‍ കോണ്‍ഗ്രസിലെ ജോലി നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മാതൃഭാഷക്ക് പുറമെ ഹിന്ദി പഠിക്കുന്നത് രാജ്യത്തെ പല സംസ്ഥാനങ്ങളിലും തൊഴില്‍ നേടുന്നതിന് സഹായിക്കുമെന്നും ഹിമാന്ത ശര്‍മ്മ പറഞ്ഞു.
Discussion about this post