‘ജീവിതത്തില്‍ എന്ത് നഷ്ടമുണ്ടായാലും ശരിയെന്നു ബോദ്ധ്യമുള്ള കാര്യങ്ങള്‍ എവിടെയും തുറന്നു പറയുന്നതാണ് എന്റെ സംസ്ക്കാരം മരണം വരെ എന്റെ നാവടപ്പിക്കാന്‍ ഒരു ശക്തിക്കും വ്യക്തിക്കും സാദ്ധ്യമല്ല ‘
ഇന്നലെ ഏറെ വൈകി സിപിഎം സഹയാത്രികനും, മുന്‍ കോണ്‍ഗ്രസുകാരനുമായ ചെറിയാന് ഫിലിപ്പ് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണിത്..
താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വീണ്ടും വീണ്ടും ഉറപ്പിക്കുകയായിരുന്നു ചെറിയാന് ഫിലിപ്പ്.
നവമാധ്യമങ്ങളിലുള്‍പ്പടെ ചെറിയാന് ഫിലിപ്പിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും നിലപാടില്‍ മാറ്റമില്ല എന്നാണ് ചെറിയാന് ഫിലിപ്പ് പറയുന്നത്. ഇതിനിടെ ചെറിയാന് ഫിലിപ്പ് സ്ത്രീ വിരുദ്ധനെന്ന് കരുതുന്നില്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്നലെ പ്രതികരിച്ചത്. വിഎസാകട്ടെ പാര്‍ട്ടി എന്ത് പറഞ്ഞാലും തനിക്ക് തന്റെ നിലപാടുണ്ട് എന്ന രീതിയില്‍ ചെറിയാന് ഫിലിപ്പിന്റേത് സംസ്ക്കാര ശൂന്യമായ നടപടിയാണെന്ന് വിമര്‍ശിച്ചു.
പോസ്റ്റ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്ന് ആവശ്യപ്പെട്ടു. കേരളം ഭരിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ വനിത നേതാക്കളെ മാത്രമല്ല, സ്ത്രീകളെ ആകമാനം അപമാനിക്കുന്നതാണ് ഈ പ്രസ്താവന എന്നാണ് പരക്കെയുള്ള വിമര്‍ശനം. സ്ത്രീകള്‍ ഏത് സ്ഥാനത്തെത്തിയാലും അത് വേറെ ചില മാര്‍ഗ്ഗങ്ങള്‍ വഴി അനര്‍ഹമായ സമ്പാദിച്ചതാണെന്ന തറ പുരുഷ മേധാവിത്വ ഡയലോഗിന്റെ ആവര്‍ത്തനമാണ് ചെറിയാന് ഫിലിപ്പ് നടത്തിയതെന്നും വിമര്‍ശകര്‍ പറയുന്നു.
എന്നാല്‍ പറഞ്ഞതില്‍ ഉറച്ച് നില്ക്കുന്നു എന്നതിലുപരി നുണ പരിശോധന നടത്തിയാല്‍ ഇതില്‍ കൂടുതല്‍ പറയേണ്ട സാഹചര്യമുണ്ടാകും എന്നാണ് ചെറിയാന് ഫിലിപ്പ് പറയുന്നത്. വസ്ത്രം ഈരി സീറ്റ് നേടിയ വനിതകളെ സംബന്ധിച്ചും, ഏതൊക്കം പുരുഷന്മാരാണ് ആരോപണവിധേയര്‍ എന്നെല്ലാം പറയാനുള്ള മര്യാദ ചെറിയാന് ഫിലിപ്പ് കാണിക്കണമെന്ന ആവശ്യവും ശക്തമാണ്. ചെറിയാന് ഫിലിപ്പ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലും ഇത്തരം പ്രവണതകളുണ്ടോ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു.
വിവാദ പോസ്റ്റിന് ശേഷം ചെറിയാന് ഫിലിപ്പ് നല്കിയ വിശദീകരണ പോസ്റ്റുകളും സ്ത്രീ വിരുദ്ധമാണെന്നാണ് ആക്ഷേപം..
വിവാദമായ ആദ്യ പോസ്റ്റ്-
യൂത്ത് കൊണ്ഗ്രസുകാരുടെ ഉടുപ്പഴിക്കള്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണ് ഈ സമരം രഹസ്യമായി നടത്തിയ വനിതകല്‍ക്കെല്ലാം പണ്ട് കൊണ്ഗ്രസില് സീറ്റ് കിട്ടിയിട്ടുണ്ട് !!
രണ്ടാമത്തെ പോസറ്റ്-
ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ല ഒരു സ്ത്രീയെയും ഞാന്‍ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ് സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത് ഈ സാംസ്കാരിക ജീര്‍ണതക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സ്ത്രീ തന്നെയാണ് സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാന്‍ പരോക്ഷമായി വിമശിച്ചത്
പേരെടുത്ത് പറഞ്ഞാല്‍ മാത്രമേ പ്രസ്താവന സ്ത്രീവിരുദ്ധമാകു എന്ന തരത്തിലാണ് വിശദീകരണം
മൂന്നാമത്തെ പോസ്റ്റ്-
പണ്ട് , ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നുവെന്നും ഗലീലിയോ പറഞ്ഞപ്പോള്‍ അത് തിരുത്തണമെന്ന് മതമേധാവികള്‍ പറഞ്ഞു ഞാന്‍ തിരുത്തിയാലും പ്രപഞ്ച സത്യം ഇല്ലാതാവില്ലെന്നു ഗലീലിയോ മറുപടി നല്കി സുധീരന് പറയുന്നതുപോലെ ഞാന്‍ മാപ്പ് പറഞ്ഞാല്‍ സത്യം മരിക്കുകയില്ല എ കെ ആന്റണി പ്രസിഡന്റും സുധീരന് വൈസ് പ്രസിഡന്റും ആയിരുന്നപ്പോള്‍ ഞാന്‍ കെ പി സി സി സെക്രട്ടറിയായിരുന്നു മാന്യതയുടെ പേരില്‍ കൊണ്ഗ്രസിലെ പല രഹസ്യങ്ങളും ഞാന്‍ പുറത്തു പറഞ്ഞിട്ടില്ല ആത്മകഥയില്‍ പോലും കൊണ്ഗ്രസില് ചില നേതാക്കള്‍ വനിതകളെ ചൂഷണം ചെയ്ത എത്രയോ കഥകള്‍ എന്നെ സ്ത്രീ വിരുദ്ധനാക്കാന്‍ ശ്രമിച്ചാല്‍ പലതും തുറന്നു പറയേണ്ടി വരും കൊണ്ഗ്രസില് ‘ചില’ വനിതകള്‍ എങ്ങനെ സീറ്റ് നേടിയെന്ന നാറുന്ന കഥകള്‍ അവയെല്ലാം സുധീരനും അറിവുള്ളതാണല്ലോ ഇവിടെയും ഞാന്‍ കുറ്റപ്പെടുത്തുന്നത് പുരുഷ നേതാക്കളെയാണ് എന്റെ കൊച്ചനുജത്തിമാരായ ഷാനിമോള്‍ ,ബിന്ദു കൃഷ്ണ എന്നിവര്‍ ദയവായി എന്നെ സ്ത്രീ വിരുദ്ധനാക്കല്ലേ അവര്‍ക്ക് കുട്ടിക്കാലം മുതല്‍ എന്നെ അടുത്തറിയാമല്ലോ
കെപിസിസി സെക്രട്ടറിയായിരിക്കെ മാന്യതയുടെ പേരിലാണ് പല രഹസ്യങ്ങളും പുറത്ത് പറയാത്തത് എന്ന ഈ പോസ്റ്റിലെ പരാമര്‍ശത്തിന് താഴെ..ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ആ മാന്യത കൂടി പോയോ എന്ന ചോദ്യങ്ങളാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്. തന്നെ സ്ത്രീ വിരുദ്ധനാക്കിയാല് ഇനിയും പലതും തുറന്ന് പറയേണ്ടി വരുമെന്നും ചെറിയാന് ഫിലിപ്പ് പറയുന്നു.കെപിസിസി പ്രസിഡണ്ട് വി.എം സുധീരനും ഇക്കാര്യങ്ങള്‍ അറിയാമെന്നാണ് ചെറിയാന് ഫിലിപ്പ് പറയുന്നത്…
നാലാമത്തെ പോസ്റ്റ്-
ബിന്ദു കൃഷ്ണ എനിക്കെതിരെ കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറും എന്റെ നുണ പരിശോധനക്ക് വിധേയ മാക്കുകയും വേണം എന്റെ ഉപബോധമനസിലെ എല്ലാ സത്യങ്ങളും പുറത്തു വരും ഞാന്‍ ബോധപൂര്‍വ്വം കള്ളം പറഞ്ഞുവെന്നു ആരും പറയില്ലല്ലോ സ്ത്രീ വിരുദ്ധമെന്നും ആരും പറയില്ല
അഞ്ചാമത്തെ ഫേസ്ബുക്ക് പോസ്റ്റ്-
ജീവിതത്തില്‍ എന്ത് നഷ്ടമുണ്ടായാലും ശരിയെന്നു ബോദ്ധ്യമുള്ള കാര്യങ്ങള്‍ എവിടെയും തുറന്നു പറയുന്നതാണ് എന്റെ സംസ്ക്കാരംമരണം വരെ എന്റെ നാവടപ്പിക്കാന്‍ ഒരു ശക്തിക്കും വ്യക്തിക്കും സാദ്ധ്യമല്ല
വ്യക്തമായ തെളിവുകളൊന്നുമില്ലാതെ കോണ്‍ഗ്രസിലെ അധികാരസ്ഥാനങ്ങളിലെത്തിയ എല്ലാ വനിതകളെയും അപമാനിക്കുന്നതാണ് മുന്‍ കെപിസിസി സെക്രട്ടറിയുടെ പ്രസ്താവനകള്‍. ഇനിയും പലതും തുറന്ന് പറയും എന്ന മുന്നറിയിപ്പും ചെറിയാന് ഫിലിപ്പ് നല്കുന്നു. ഇപ്പോള്‍ ഇടത്പക്ഷ സഹയാത്രിനായ ചെറിയാന് ഫിലിപ്പിന്റെ പ്രസ്താവനകളോട് ചേര്‍ത്ത് വെച്ച് വിഎസ് അച്യുതാനന്ദന് ലതിക സുഭാഷിനെതിരായ നടത്തിയ പ്രസ്താവനകളും വ്യാപകമായ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിട്ടുണ്ട്.
Discussion about this post