തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനെ പ്രതി ചേർത്തത് ഇഡിയുടെ തോന്നിവാസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തട്ടിപ്പിൽ പാർട്ടിക്ക് പങ്കുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ് പ്രതിചേർത്തിരിക്കുന്ന സംഭവം എന്നും ഗോവിന്ദൻ പ്രതികരിച്ചു. ഇഡിയുടെ ഈ നടപടിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും എന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രാഞ്ച് കമ്മിറ്റിയുടെയും ലോക്കൽ കമ്മിറ്റിയുടെയും ഓഫീസുകൾ നിർമ്മിക്കാനായി ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ഭൂമി വാങ്ങാറുള്ളത്. പതിറ്റാണ്ടുകളായി പാർട്ടിക്ക് സംസ്ഥാനത്തുടനീളം പതിനായിരക്കണക്കിന് ഘടകങ്ങൾക്ക് സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഓഫീസുകൾ ഉണ്ട്. എന്നാൽ ഏതോ ഒരു ലോക്കൽ കമ്മിറ്റി ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് അവിടെയുള്ള പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിക്കുന്നത് തികച്ചും തെറ്റായ നടപടിയാണ് എന്നും എം വി ഗോവിന്ദൻ അറിയിച്ചു.
സിപിഎമ്മിനെ ഇഡി പ്രതിചേർത്തു എന്ന തരത്തിലുള്ള എന്ന വാർത്തകൾ മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വേറെ ഒരു കാര്യവും അവർക്ക് പറയാൻ ഇല്ലാത്തതുകൊണ്ട് സിപിഎമ്മിനെ പഴിചാരി രക്ഷപ്പെടാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടത്തുന്നത്. ലോക്കൽ കമ്മിറ്റി ഓഫീസ് നിർമ്മാണവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല. ഫണ്ട് പിരിച്ചാണ് ലോക്കൽ കമ്മറ്റി ഓഫീസ് നിർമ്മിക്കുന്നത് എന്നും എവി ഗോവിന്ദൻ പ്രതികരിച്ചു.
Discussion about this post