ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെറ്റയുടെ എഐ ചാറ്റ് ബോട്ടായ ഒരു നീല വളയം കിടന്നു കറങ്ങുകയാണ്. മിക്കവരുടെയും സെർച്ച് ബാറിൽ ഒരു നീല വളയം വന്നു കാണണം. എന്തൊക്കെ ആയാലും
ഈ നീല വളയത്തെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
ചോറുണ്ടോ ആശാനേ….. എന്നോട് പറ ഐ ലൗ യൂന്ന് ….. എത്ര വയസ്സായി എന്നിങ്ങനെയുള്ള കുസൃതി നിറഞ്ഞ ചോദ്യങ്ങളാണ് മലയാളികൾക്ക് മെറ്റയോട് ചോദിക്കാനുള്ളത്. എന്നാലോ നീല വളയത്തിന്റെ മറുപടികളോ അതിലും രസകരമാണ്.
എനിക്ക് പ്രായമില്ല. ഞാൻ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ്. എനിക്ക് ഭാഷയോ മോഡലോ ഒന്നും തന്നെയില്ല. നിങ്ങളെ പോലുള്ള ഉപയോക്താക്കളെ സഹായിക്കാനും വിവരങ്ങൾ നൽക്കാനുമാണ് എന്നെ സൃഷ്ടിച്ചിരിക്കുന്നത്. ഞാൻ എന്റെ കഴിവുകൾ നിരന്തരം മെച്ചപ്പെടുത്തുന്നു. നിങ്ങളെ സഹായിക്കാൻ ഞാൻ ഇവിടെ എപ്പോഴും ഉണ്ടായിരിക്കും എന്നിങ്ങനെയാണ് മെറ്റയ്ക്ക് തിരിച്ച് പറയാനുള്ളത്.
അതേസമയം മലയാളം പറഞ്ഞാലും മെറ്റക്ക് പിടികിട്ടും.നിങ്ങൾ മലയാളം സംസാരിക്കുന്നത് ഞാൻ കാണുന്നു. പക്ഷേ ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാൻ സാധിക്കു എന്നാണ് മെറ്റയുടെ ഇതിനുള്ള മറുപടി .
രണ്ടുമാസം മുൻപാണ് മെറ്റ എഐ ചാറ്റ്‌ബോട്ട് പുറത്തിറക്കിയിരുന്നത്. എന്നാൽ കഴിഞ്ഞദിവസം മുതലാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഈ ആധുനിക ഫീച്ചർ ലഭ്യമാകുന്നത്. മെറ്റയുടെ ഏറ്റവും ആധുനിക എൽഎൽഎമ്മായ മെറ്റ ലാമ 3 ഉപയോഗിച്ചാണ് മെറ്റ എഐ ചാറ്റ്‌ബോട്ട് നിർമ്മിച്ചിട്ടുള്ളത്. ഇന്ത്യയിൽ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിലെല്ലാം മെറ്റ എഐ ഉപയോഗിക്കാൻ കഴിയുന്നതാണ്. ഉപയോക്താക്കൾക്ക് സൗജന്യമായി ഉപയോഗിക്കാനാകുന്ന ഏറ്റവും ബുദ്ധിമാനായ എഐ അസിസ്റ്റന്റ് ആണ് മെറ്റ പുറത്തിറക്കിയിരിക്കുന്ന ഈ നീല വളയം.
Discussion about this post