ഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസിൽ മൊഴി രേഖപ്പെടുത്താൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുന്നിൽ ഹാജരാകും. കോൺഗ്രസ് എംപിമാർക്കൊപ്പം പ്രകടനമായി ഇ.ഡി. ഓഫീസിലെത്താനാണ് രാഹുലിന്‍റെ തീരുമാനം. എ ഐ സി സി ഓഫീസിൽ നിന്ന് നേതാക്കൾക്കൊപ്പം നടന്ന് ഇ.ഡി. ഓഫീസിലെത്തുമെന്ന് രാഹുൽ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ റാലിക്ക് ഡൽഹി പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്ന സമയത്ത് രാജ്യത്തെ 25 ഇ.ഡി. ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്താൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലും ഇഡി ഓഫിസിന് മുന്നിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. ദേശീയ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലുള്ള ചോദ്യം ചെയ്യലിനായാണ് രാഹുൽ ഗാന്ധി ഇ.ഡി. ഓഫിസിൽ ഹാജരാകേണ്ടത്. നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്‍റെ (എ ജെ എൽ) ബാധ്യതകളും ഓഹരികളും സോണിയ ഗാന്ധിയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കേസിൽ ഈ മാസം 23ന് ഹാജരാകാനാണ് സോണിയ ഗാന്ധിയ്ക്ക് ഇ.ഡി. സമൻസയച്ചിട്ടുണ്ട്.










