ഹുബ്ലി: കര്‍ണാടകയിലെ പ്രസിദ്ധനായ വാസ്തു വിദഗ്ധന്‍ ചന്ദ്രശേഖര്‍ ഗുരുജി കൊല്ലപ്പെട്ടു. ഹുബ്ലിയില്‍ ചന്ദ്രശേഖര്‍ മുറിയെടുത്തിരുന്ന സ്വകാര്യ ഹോട്ടലില്‍ ഉപദേശം തേടാനെന്ന വ്യാജേന എത്തിയ അക്രമികള്‍ ആണ് കൊലപ്പെടുത്തിയത്.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കര്‍ണാടകയിലെ ടെലിവിഷന്‍ ചാനലുകളില്‍ ‘സരള വാസ്തു’ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന ചന്ദ്രശേഖര്‍ ഗുരുജി, വാസ്തു രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു. രാഷ്ട്രീയക്കാരും ബിസിനസുകാരുമടക്കം നിരവധി പേര് ഉപദേശം തേടി ചന്ദ്രശേഖറിനെ സമീപിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ചന്ദ്രശേഖര്‍ ഹുബ്ലി ഉന്കലിലുള്ള പ്രസിഡണ്ട് ഹോട്ടലില്‍ മുറിയെടുത്തത്. ഇന്നു രാവിലെ അദ്ദേഹത്തെ കാണാനെന്ന പേരില്‍ ഹോട്ടലിലെത്തിയ രണ്ടുപേര്‍ ഹോട്ടലിലെത്തി. ലോബിയില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന ചന്ദ്രശേഖറിന്റെ കാല്‍തൊട്ടു വണങ്ങാനെന്ന മട്ടില്‍ കുനിഞ്ഞ അക്രമികള്‍ അദ്ദേഹത്തെ മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് ഹോട്ടല്‍ സ്റ്റാഫ് പൊലീസിന് മൊഴി നല്കി.
ചുറ്റും ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പ് ചന്ദ്രശേഖറിന് മാരകമായി പരിക്കേല്‍പ്പിച്ച് അക്രമികള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ അദ്ദേഹത്തെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവനഷ്ടം സംഭവിച്ചിരുന്നു.
Discussion about this post